കോഴിക്കോട് നടക്കാവിൽ ഹോണടിച്ചതിന് ഡോക്ടർക്ക് നേരെ മർദ്ദനം
കോഴിക്കോട് നടക്കാവിൽ ഹോണടിച്ചതിന് ഡോക്ടർക്ക് മർദ്ദനം. ഫ്രീ ലെഫ്റ്റുള്ള സിഗ്നലിൽ ഗതാഗതാ തടസം സൃഷ്ടിച്ച കാർ മാറ്റാൻ ഹോണടിച്ചതിനാണ് യുവാവ് ഡോക്‌ടറെ മർദിച്ചത്. സംഭവത്തിൽ പേരാമ്പ്ര പൈതോത്ത് ജിദാത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലാണ് സംഭവം. സിഗ്നലിൽ ഗതാഗത തടസ്സമുണ്ടാക്കിയ കാർ മാറ്റാനായി ഹോണടിച്ചതിനെ തുടർന്ന് യുവാവ് ഡോക്ടറെ മർദ്ദിക്കുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോക്ടർക്കാണ് മർദ്ദനമേറ്റത്.
സരോവരം ഭാഗത്തുനിന്ന് ഫ്രീടേണുള്ള ഭാഗത്തേക്കാണ് ഡോക്ടർക്ക് പോകേണ്ടിയിരുന്നത്. എന്നാൽ ഇവിടെ മാർഗതടസ്സമുണ്ടാക്കി യുവാവ് കാർ നിർത്തിയിട്ടിരുന്നു. തുടർച്ചയായി ഹോൺ അടിച്ചപ്പോൾ യുവാവ് ഇറങ്ങി വഴക്കിട്ടു. തുടർന്ന് ഡോക്ടർ കാർ ഓവർടേക്ക് ചെയ്‌ത് മുന്നോട്ടുപോയി. പിന്നാലെ പോയ യുവാവ് മുന്നിൽ കാർനിർത്തി തടഞ്ഞശേഷം ഡോക്ടറെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മറ്റു വാഹനങ്ങളിലുള്ളവർ ചേർന്നാണ് ഡോക്ടറെ രക്ഷപ്പെടുത്തിയത്. സാരമായി പരുക്കേറ്റ ഡോക്ടർ ചികിത്സയിലാണ്. യുവാവിനെ കോടതിയിൽ റിമാൻഡ് ചെയ്തു.