കോഴിക്കോട് നാദാപുരത്ത് വിലങ്ങാട് പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു; മരിച്ചത് സഹോദരിമാരുടെ മക്കള്‍
കോഴിക്കോട്: നാദാപുരം വിലങ്ങാട് പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ ഹൃദ്വിന്‍ (22), അഷ്മിന്‍ (14)എന്നിവരാണ് മരിച്ചത്.പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബെംഗളൂരുവില്‍നിന്ന് കുടുംബ സമേതം കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഹൃദ്വിനും മാതൃസഹോദരിയുടെ മകള്‍ ആഷ്മിനുമാണ് മരിച്ചത്.
വിലങ്ങാട് നിന്ന് നേരത്തെ ബെംഗളൂരുവിലേക്ക് താമസം മാറിയ കൂവ്വത്തോട്ട് പാപ്പച്ചന്റെയും മെര്‍ലിന്റെയും മകന്‍ ഹൃദ്വിന്‍, ആലപ്പാട് സാബുവിന്റെയും മഞ്ജുവിന്റെയും മകള്‍ ആഷ്മിന്‍ (14) എന്നിവരാണ് മരിച്ചത്. ഹൃദ്വിന്റെ സഹോദരി രക്ഷപ്പെട്ടു. വിലങ്ങാട് പെട്രോള്‍ പമ്ബിനും കള്ള് ഷാപ്പിനും ഇടയിലുള്ള പുഴയില്‍ തടയണയുണ്ടാക്കിയിട്ടുണ്ട്. ഇവിടെ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു മൂന്ന് പേരും. നാട്ടുകാര്‍ ഓടി കൂടിയാണ് കരയ്‌ക്കെത്തിച്ചത്. എന്നാല്‍ രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 11 മണിയോടെ ആയിരുന്നു അപകടം.