കോഴിക്കോട്: നിരോധിത ഉത്തേജക ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: നിരോധിത ഉത്തേജക ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് പൂളേങ്കര നടുക്കണ്ടി പറമ്പ് ഷിജാഹ് (26), കല്ലായി അമ്മാറമ്പത്ത് മുഹമ്മദ് ആഷിക്ക് (25), കല്ലായി അമ്മാറമ്പത്ത് മുഹസിൻ (25) എന്നിവരെയാണ് സബ് ഇൻസ്പെക്ടർ സനീഷിന്‍റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി പൊലീസ് പട്രോളിങ്ങിനിടെ വെള്ളയിൽ ഫിഷറീസ് സ്കൂളിന് സമീപം റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ട കാറിലുള്ള യുവാക്കൾ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ പരിഭ്രമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ക്രിസ്റ്റൽ രൂപത്തിലുള്ള ആറു ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നാലിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.