CALICUTDISTRICT NEWS
കോഴിക്കോട് ബീച്ചില്‍ വരുന്നു ഫുഡ് ഹബ്ബ്

കോഴിക്കോടിന്റെ സ്വന്തം ഐസ് ചുരണ്ടിയതും ഉപ്പിലിട്ടതും ഇനി വലിയ ആശങ്കയില്ലാതെ കഴിക്കാം. വൃത്തിയുണ്ടാകുമോ ? നിലവാരമുള്ളതാണോ ? തുടങ്ങിയ സംശയങ്ങള്‍ വേണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്. വകുപ്പിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ‘ഫുഡ് ഹബ്ബ്’. കോഴിക്കോട് ബീച്ചില്‍ ഒരുങ്ങുന്നു. ബീച്ചിലെ 90 തെരുവ് കച്ചവടക്കാരെ ഉള്‍പ്പെടുത്തി പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞു. നിലവില്‍ ഇവര്‍ ബീച്ചിന്റെ പല ഭാഗങ്ങളിലായാണ് കച്ചവടം നടത്തിയിരുന്നത്. ഇവരെയെല്ലാം ഒരു കുടക്കീഴിലെത്തിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പും കോഴിക്കോട് കോര്‍പ്പറേഷനും തുറമുഖ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഡി.ജി. കോളേജ് ഓഫ് ആര്‍ക്കിടെക്ചറാണ് രൂപരേഖ തയ്യാറാക്കുന്നത്. ആരോഗ്യം, ശുചിത്വം, ഗുണനിലവാരമുള്ള ഭക്ഷണം എന്നിവ ഉറപ്പുവരുത്തുകയാണ് പദ്ധതി ലക്ഷ്യം.
കച്ചവടം ചെയ്യുന്നവര്‍ക്കുള്ള ലൈസന്‍സിന് കോര്‍പ്പറേഷനില്‍ 8000 രൂപ അടയ്ക്കണം. തുറമുഖവകുപ്പിന്റെ സ്ഥലമായതിനാല്‍ ഉന്തുവണ്ടി കച്ചവടക്കാര്‍ തുറമുഖവകുപ്പിന് വര്‍ഷത്തില്‍ 1200 രൂപയും ജി.എസ്.ടി. ഫീസായി അടയ്ക്കണം.
എന്താണ് ഫുഡ് ഹബ്ബ്
വൃത്തിയും ഗുണനിലവാരവുമുള്ള തെരുവുഭക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ഭക്ഷണം യഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി കോഴിക്കോട് ജില്ലയില്‍ തിരഞ്ഞെടുത്തിരിക്കുന്നത് കോഴിക്കോട് ബീച്ചാണ്. ചെന്നൈ മറീന ബീച്ചിലെ ഫുഡ് ഹബ്ബിന്റെ അതേ മാതൃകയാണ് ഇവിടെയും പിന്തുടരുന്നത്. കോര്‍പ്പറേഷന്‍ ഓഫീസിന് എതിര്‍വശം ബീച്ചിലെ മണല്‍തിട്ടയിലാണ് പുതിയ ഹബ്ബ് വരുന്നത്. ഇതിന്റെ ഭാഗമായി നിലവിലെ തെരുവുഭക്ഷണ കച്ചവടക്കാരെയെല്ലാം ഇവിടേക്ക് മാറ്റി. കോര്‍പ്പറേഷന്‍ ഓഫീസിന് എതിര്‍വശത്ത് ബീച്ച് ഓപ്പണ്‍ സ്റ്റേജിന്റെയും സൗത്ത് ബീച്ചിന്റെയും ഭാഗത്ത് ഇന്റര്‍ലോക്ക് ചെയ്യും. മൂന്ന് വരികളിലായി തട്ടുകടകള്‍ സജ്ജീകരിക്കും. നിലവില്‍ ഉന്തുവണ്ടിക്കാര്‍ കച്ചവടം ചെയ്തിരുന്ന സ്ഥലം പാര്‍ക്കിങ്ങിനായി മാറ്റിയിട്ടുണ്ട്.
കച്ചവടക്കാരുടെ നിലവിലെ ഉന്തുവണ്ടികള്‍ പലതും തുരുമ്പെടുത്തതും പഴകിയതുമാണ്. ഇവ മാറ്റി പുതിയത് നല്‍കും. വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കും. ജലവകുപ്പിന്റെ നേതൃത്വത്തില്‍ കുടിവെള്ളം നല്‍കാനും ധാരണയായി. ഇവിടെയുണ്ടാകുന്ന മാലിന്യം സംസ്‌കരിക്കാനായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തുമ്പൂര്‍മൂഴി മാതൃകയില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മിക്കും. എന്നാല്‍ അത് ഏത് ഭാഗത്താണെന്നുള്ള കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല. ഭക്ഷണം തയ്യാറാക്കുന്നവര്‍ക്ക് ഡ്രസ്സ് കോഡുകളുണ്ടാകും. പദ്ധതിയുടെ നടത്തിപ്പിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തി കഴിഞ്ഞാലുടന്‍ പദ്ധതി ആരംഭിക്കുമെന്നും ഫുഡ് ഇന്‍!സ്‌പെക്ടര്‍ പി.കെ. ഏലിയാമ്മ പറഞ്ഞു. പരിസരത്ത് സി.സി.ടി.വി.കളും സ്ഥാപിക്കും.
കഴിക്കുംമുമ്പേ ശ്രദ്ധിക്കണേ
ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ കഴിക്കുംമുമ്പേ ശ്രദ്ധിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഓര്‍മിക്കുന്നു. ഭക്ഷണം പഴകിയതോ വൃത്തിയുള്ളതാണോ തുടങ്ങിയ സംശയംതോന്നിയാല്‍ ഉടന്‍തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ വിളിച്ചറിയിക്കാന്‍ പറ്റും. മായം ചേര്‍ത്തതായി തോന്നിയാലും അറിയിക്കാം. കൂടാതെ ഭക്ഷണം കഴിച്ച അവശിഷ്ടങ്ങളും മറ്റും ബീച്ചിന്റെ മറ്റുഭാഗങ്ങളില്‍ ഉപേക്ഷിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കുന്ന ബോര്‍ഡ് സമീപത്ത് പ്രദര്‍ശിപ്പിക്കും.
നിബന്ധനകള്‍ ഏറെ
ഫുഡ് ഹബ്ബില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ) നിര്‍ദേശങ്ങള്‍ പ്രകാരമുള്ളതായിരിക്കണം. ലൈസന്‍സ് ഉണ്ടായിരിക്കണം.
പാകം ചെയ്യാനുപയോഗിക്കുന്ന വെള്ളം, ഐസ്, ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവയെല്ലാം ശുദ്ധവും ഗുണനിലവാരമുള്ളതുമാകണം.
ഭക്ഷണപദാര്‍ഥങ്ങള്‍ അടച്ചിട്ട പാത്രങ്ങളില്‍ സൂക്ഷിക്കണം.
ഭക്ഷണം കൈകൊണ്ട് എടുത്ത് കൊടുക്കരുത്.
ഭക്ഷണപദാര്‍ഥങ്ങളില്‍ മായം, നിറം, കൃത്രിമരുചി… എന്നിവ ചേര്‍ക്കാന്‍ പാടില്ല.
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല.
ഭക്ഷണം പാകംചെയ്തു വെക്കുന്നത് അടുത്തദിവസത്തേക്ക് എടുത്തുവെച്ച് വിതരണം ചെയ്യാന്‍ പാടില്ല.
വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കണം.
നിബന്ധനകള്‍ ഏറെ
ഫുഡ് ഹബ്ബില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ) നിര്‍ദേശങ്ങള്‍ പ്രകാരമുള്ളതായിരിക്കണം. ലൈസന്‍സ് ഉണ്ടായിരിക്കണം.
പാകം ചെയ്യാനുപയോഗിക്കുന്ന വെള്ളം, ഐസ്, ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവയെല്ലാം ശുദ്ധവും ഗുണനിലവാരമുള്ളതുമാകണം.
ഭക്ഷണപദാര്‍ഥങ്ങള്‍ അടച്ചിട്ട പാത്രങ്ങളില്‍ സൂക്ഷിക്കണം.
ഭക്ഷണം കൈകൊണ്ട് എടുത്ത് കൊടുക്കരുത്.
ഭക്ഷണപദാര്‍ഥങ്ങളില്‍ മായം, നിറം, കൃത്രിമരുചി… എന്നിവ ചേര്‍ക്കാന്‍ പാടില്ല.
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല.
ഭക്ഷണം പാകംചെയ്തു വെക്കുന്നത് അടുത്തദിവസത്തേക്ക് എടുത്തുവെച്ച് വിതരണം ചെയ്യാന്‍ പാടില്ല.
വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കണം.
പദ്ധതി സ്വാഗതാര്‍ഹം
പദ്ധതി സ്വാഗതാര്‍ഹമാണ്. മൂന്ന് മാസത്തിനുള്ളില്‍ ബങ്ക് നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത് നടക്കുമോ എന്നതില്‍ ആശങ്കയുണ്ട്. ബങ്കിന്റെ രൂപകല്പനയും പ്രവര്‍ത്തനവുമെല്ലാം തൊഴിലാളികളുമായി പങ്കുവെക്കണം.
Comments