കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുജി ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം താത്കാലികമായി അവസാനിപ്പിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുജി ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ ഇന്നലെ രാത്രി നടത്തിയ സമരം താത്കാലികമായി അവസാനിപ്പിച്ചു. ഹോസ്റ്റല്‍ ഗേറ്റ് രാത്രി 10 മണിക്ക് അടയ്ക്കുന്നതിനാലാണ് വിദ്യാര്‍ത്ഥികള്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചത്. ഡ്യൂട്ടി പോസ്റ്റിങ് കഴിഞ്ഞും കമ്പയിന്‍ സ്റ്റഡി കഴിഞ്ഞും എത്തുമ്പോള്‍ ഗേറ്റ് അടയ്ക്കുന്നത് പ്രാവര്‍ത്തികമല്ല എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
പ്രാക്ടിക്കൽ ക്ലാസ്സ് ഉൾപ്പെടെയുള്ളവ കഴിഞ്ഞ് എത്തുമ്പോൾ സമയം ഒരുപാട് വൈകാറുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. പത്ത് മണിക്ക് ഹോസ്റ്റലിനകത്ത് കയറണമെന്നാണ് നേരത്തെ വിദ്യാർത്ഥിനികൾക്ക് നൽകിയിട്ടുളള നിർദേശം. ഇതിനെതുടർന്ന് ബുധനാഴ്ച രാത്രി പത്തുമണിക്ക് ഹോസ്റ്റൽ അടക്കുകയും ചെയ്തു. ഇതോടെ പ്രാക്ടിക്കൽ ക്ലാസ് കഴിഞ്ഞെത്തിയ വിദ്യാർത്ഥിനികൾക്ക് പുറത്തു നിൽക്കേണ്ടി വന്നു. തുടർന്ന് ഹോസ്റ്റലിനകത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥിനികളടക്കം സംഘടിച്ചെത്തി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.