മാസങ്ങൾക്കു മുന്പ് മോഷ്ടിച്ച ബൈക്ക് അതേ സ്ഥലത്തു കൊണ്ടു വന്നു നിർത്തി; മോഷ്ടാവ് പിടിയിൽ

കോഴിക്കോട് : മാസങ്ങൾക്കു മുന്പ് കെഎസ്ആർടിസി ടെർമിനലിൽ നിന്നു മോഷ്ടിച്ച ബൈക്ക്  അതേ സ്ഥലത്തു കൊണ്ടു വന്നു നിർത്തിയയാൾ പിടിയിലായി. കണ്ണൂർ പയ്യാവൂർ സ്വദേശി കാരക്കൽ കെ.എസ്.സൂരജ് ആണു മാസങ്ങൾക്കു മുൻപു മോഷ്ടിച്ച ബൈക്കുമായി ഇന്നലെ പിടിയിലായത്. നടക്കാവ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 

 എട്ട് മാസം മുൻപു കെഎസ്ആർടിസി ഡ്രൈവർ മടവൂർ മുട്ടാഞ്ചേരി സ്വദേശി ടി.പി.ഹുസൈന്റെ ബൈക്കാണു മോഷണം പോയത്. ബൈക്ക് പഞ്ചറായതിനാൽ ഹുസൈൻ കെഎസ്ആർടിസി ടെർമിനലിൽ ജീവനക്കാരുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടു. അടുത്ത ദിവസങ്ങളിൽ അദ്ദേഹത്തിനു വരാൻ സാധിച്ചില്ല. അതിനിടയിൽ ഹുസൈൻ വെഞ്ഞാറമൂട് ഡിപ്പോയിലേക്കു സ്ഥലം മാറിപ്പോയി. പിന്നീട് നാട്ടിൽ വന്നപ്പോൾ ബൈക്ക് എടുക്കാൻ എത്തിയെങ്കിലും കാണാത്തതിനെ തുടർന്നു നടക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു.

ഇപ്പോൾ കോഴിക്കോട് ഡിപ്പോയിൽ ജോലി ചെയ്യുന്ന ഹുസൈൻ ഇന്നലെ ഉച്ചയ്ക്കു ജോലിക്കെത്തിയപ്പോഴാണു കാണാതായ തന്റെ ബൈക്ക്  ജീവനക്കാരുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടതു കണ്ടത്. ഉടനെ എയ്ഡ് പോസ്റ്റിലെ പൊലീസിനെയും അവിടെയുള്ള മറ്റു ജീവനക്കാരെയും വിവരം അറിയിച്ചു. ജീവനക്കാരും പൊലീസും ചേർന്നു ബൈക്ക് അവിടെനിന്നു മാറ്റി പൂട്ടി വച്ചു. വൈകിട്ട് സൂരജ് ബൈക്ക് എടുക്കാൻ വന്നപ്പോൾ പാർക്കിങ് ഏരിയയിൽനിന്നു മാറ്റി ബൈക്ക് പൂട്ടിട്ടു വച്ചതു കണ്ട് ക്ഷുഭിതനാവുകയും അവിടെ ഉണ്ടായിരുന്ന ജീവനക്കാരോടു തട്ടിക്കയറുകയും ചെയ്തു. പിന്നാലെ നടക്കാവ് പൊലീസ് സ്ഥലത്ത് എത്തി.  

ബൈക്ക് തൽക്കാലത്തേയ്ക്ക് എടുത്തതാണെന്നും പിന്നീട് അവിടെ കൊണ്ടു വച്ചതാണെന്നും സൂരജ് പൊലീസിനോടു പറഞ്ഞു. താക്കോൽ എവിടെ നിന്നു കിട്ടി എന്നു ചോദിച്ചപ്പോൾ ബൈക്ക് സ്റ്റാർട്ടാക്കാൻ താക്കോൽ വേണ്ടെന്നാണ് ആദ്യം പറഞ്ഞത്. താക്കോൽ ബൈക്കിൽ ഉണ്ടായിരുന്നെന്നു പിന്നീട് പറഞ്ഞു. ഇന്നലെ നടന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എഴുത്തു പരീക്ഷയുടെ ഹാൾ ടിക്കറ്റും  നേരത്തെ എംപാനൽ ജീവനക്കാരനായി ജോലി ചെയ്തതിന്റെ രേഖയും ഇയാളുടെ കൈയിലുണ്ട്.

Comments
error: Content is protected !!