കോഴിക്കോട് വളയത്ത് ആളൊഴിഞ്ഞയിടത്ത് ബോംബേറ്
കോഴിക്കോട് വളയത്ത് ബോംബേറ്. ഒപി മുക്കിലാണ് സ്റ്റീൽ ബോംബ് എറിഞ്ഞത്. ആളൊഴിഞ്ഞ ഇടവഴിയിലേക്കാണ് ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ബോംബിന്‍റെ തീവ്രത അളന്നതാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ബോംബ് സ്‌ക്വാഡ് വിദഗ്ധർ ഇന്ന് സ്ഥലത്ത് എത്തും.
അതേസമയം, കോഴിക്കോട് നൊച്ചാട് സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം. നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗം മാരാർകണ്ടി സുൽഫിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പോർച്ചിലുണ്ടായിരുന്ന കാർ കത്തിക്കാനും ഇന്നലെ രാത്രി ശ്രമം നടന്നു. തീയാളുന്നത് കണ്ട് വീട്ടുകാർ തീയണച്ചതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. നൊച്ചാട് കേന്ദ്രീകരിച്ച് നിരവധി രാഷ്ട്രീയ സംഘർഷങ്ങൾ നേരത്തെ നടന്നിരുന്നു. ഇതുമായി ഇപ്പോഴത്തെ അക്രമത്തിന് ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ ജീവനക്കാരനാണ് സുൽഫി.