കോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിക്കടത്തിന് ഉപയോഗിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിക്കടത്തിന് ഉപയോഗിച്ച യുവാവ് അറസ്റ്റില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശിയായ സജിത്താണ് അറസ്റ്റിലായത്. പെണ്‍കുട്ടിക്ക് ലഹരി നല്‍കിയവരില്‍ ഒരാള്‍ സജിത്താണെന്ന് പൊലീസ് അറിയിച്ചു. ഒന്‍പതാംക്ലാസുകാരിയെ ലഹരിക്കടത്തിനുപയോഗിച്ച കേസില്‍ പത്തൊന്‍പതുകാരനായ സജിത്തെന്ന ബോണിയാണ് അറസ്റ്റിലായത്. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കാന്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചത് സജിത്താണ്.  സമൂഹമാധ്യമങ്ങള്‍ വഴി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വില്‍പന നടത്തുന്ന സംഘങ്ങളുമായി സജിത്തിന് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. 

വിദ്യാര്‍ഥിനിയുടെ അയല്‍വാസിയെ ചോദ്യംചെയ്തതില്‍ നിന്നാണ് സജിത്തിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ലഹരിമാഫിയയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അതേസമയം ലഹരിക്കടത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ലഹരി വില്‍പന നടത്തിയിട്ടുണ്ടെന്നും ഏഴാം ക്ലാസുമുതല്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും വിദ്യാര്‍ഥിനി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. നര്‍ക്കോട്ടിക്സ് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേത‍ൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Comments

COMMENTS

error: Content is protected !!