Uncategorized
ജിഎസ്ടി കൗൺസിൽ: നിർണായക യോഗം ഇന്ന്

ന്യൂഡൽഹി ∙ രണ്ടാം മോദി സർക്കാരിന്റെ ആദ്യ ജിഎസ്ടി കൗൺസിൽ യോഗം ഇന്നു ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ നടക്കും.ലോട്ടറിക്കുള്ള നികുതി സംബന്ധിച്ച് കേരളമുന്നയിച്ച തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്നത്തെ യോഗം നിർണായകമാണ്. ലോട്ടറിക്കുള്ള നികുതി നിരക്ക് സംബന്ധിച്ച ഉപസമിതി റിപ്പോർട്ട് കൗൺസിൽ ചർച്ച ചെയ്യും.
ലോട്ടറി നികുതി കുറയ്ക്കുന്നതിനു പകരം, സർക്കാർ, സ്വകാര്യ ലോട്ടറികൾക്ക് 28% നികുതി സ്വീകാര്യമെന്നാണ് കേരളത്തിന്റെ നിലപാട്. ജൂലൈ അഞ്ചിന് അവതരിപ്പിക്കുന്ന ബജറ്റിനു മുൻപുള്ള കൗൺസിൽ യോഗമാണെന്ന പ്രധാന്യവുമുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കുന്നതടക്കമുള്ള നിർദേശങ്ങൾ കൗൺസിൽ പരിഗണിച്ചേക്കും. നിലവിൽ 12% നികുതി പരിധിയിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്ക് 5% ശതമാനമായി കുറച്ചേക്കുമെന്നാണ് വിവരം.
മുഴുവൻ തിയറ്ററുകൾക്ക് നിർബന്ധമായും ഇ ടിക്കറ്റിങ് സംവിധാനം, 50 കോടി രൂപയിലേറെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ഇ–ഇൻവോയ്സ് സംവിധാനം, നികുതി വെട്ടിപ്പു തടയാൻ, സംസ്ഥാനാന്തര ചരക്കു നീക്കത്തിനുള്ള ഇ വേ ബില്ലിനെ ദേശീയപാതകളിലെ ഇലക്ട്രോണിക് ടോൾ കലക്‌ഷൻ സംവിധാനമായ ഫാസ്ടാഗ്, ലോജിസ്റ്റിക് ഡേറ്റ ബാങ്ക് എന്നിവയുമായി ബന്ധിപ്പിക്കൽ തുടങ്ങിയവ ഇന്നു ചർച്ച െചയ്യും.
അമിതലാഭ വിരുദ്ധ അതോറിറ്റിയുടെ കാലാവധി 2020 നവംബർ വരെ നീട്ടിനൽകുമെന്നും അറിയുന്നു. ജിഎസ്ടി റീഫണ്ട് അടക്കമുള്ള കാര്യങ്ങൾക്ക് ഏകജാലക സംവിധാനം രൂപപ്പെടുത്തുന്നതും യോഗം പരിഗണിക്കും.
Comments