KERALA
‘കോവിഡിനെ നേരിട്ടില്ലേ, ഇനിയെന്ത് പേടിക്കാൻ’ നമ്മുടെ സ്വന്തം സഹോദരങ്ങളായ പ്രവാസികൾ തിരിച്ചെത്തുമ്പോൾ പൂർണമനസ്സോടെ ശുശ്രൂഷിക്കും
കൊച്ചി: നിപാ വന്നപ്പോൾ കരുതി അതാണ് ഏറ്റവും വലുതെന്ന്. എന്നാൽ കൊറോണ അതിലും വലുതാണെന്ന് ബോധ്യമായി. ഇനി എന്തും നേരിടാൻ ഹിമ തയ്യാറാണ്. 21 ദിവസം ഐസൊലേഷൻ വാർഡിൽ ജോലി ചെയ്‌ത അനുഭവത്തിന്റെ കരുത്ത്, കളമശേരി ഗവ. മെഡിക്കൽ കോളേജിലെ സ്‌റ്റാഫ് നേഴ്‌സ് ഹിമ കുര്യന്റെ വാക്കുകളിലുണ്ട്.
‘ഭാഷപോലും അറിയാത്ത വിദേശികളെ ശുശ്രൂഷിച്ച് ഭേദമാക്കി തിരിച്ചയച്ചു. നമ്മുടെ സ്വന്തം സഹോദരങ്ങളായ പ്രവാസികൾ തിരിച്ചെത്തുമ്പോൾ പൂർണമനസ്സോടെ ശുശ്രൂഷിക്കും. കൊറോണ പിടിപെടുമെന്ന ഭയം ഒരിക്കലും തോന്നിയിട്ടില്ല. പിപിഇ കിറ്റ് ഇട്ട് രോഗികളെ പരിചരിക്കാൻ നിപാകാലത്തുതന്നെ പരിശീലനം ലഭിച്ചിരുന്നു. എന്നാലും അതിടുന്നത് വലിയ പ്രയാസമാണ്. പ്രത്യേകിച്ചും ചൂടുകാലത്ത്. ഒരു പോളിത്തീൻ കവറിൽ കുടുങ്ങിയാലുള്ള അനുഭവമാണ്. പറിച്ചെറിഞ്ഞ് ഓടാൻ തോന്നും.
ആരോഗ്യപ്രവർത്തകരേക്കാൾ ടെൻഷൻ രോഗികൾക്കാണ്. ബന്ധുക്കളെ ആരെയും കാണാത്തതിനാൽ അവരാകെ മാനസികപ്രയാസത്തിലാകും. മുഖം തിരിച്ചറിയിക്കാതെ പിപിഇ കിറ്റിൽ ഒളിച്ച ഞങ്ങളുടെ ശബ്‌ദംമാത്രമാണ് അവർ കേൾക്കുന്നത്. പരിശോധനാഫലം എത്തിയോ എന്നുമാത്രമാണ് അവർക്ക് അറിയേണ്ടത്. ആകെയുള്ള ആശ്രയം മൊബൈൽഫോൺമാത്രമാണ്.’–- ഐസൊലേഷൻ വാർഡിലെ അനുഭവങ്ങൾ ഹിമ വിവരിക്കുന്നു.
ഡ്യൂട്ടി കഴിഞ്ഞാൽ എല്ലാവരിൽനിന്നും അകന്ന് നിശ്‌ചിത ശാരീരിക അകലം പാലിച്ച് 14 ദിവസം ക്വാറന്റൈനിലാകും. 21 ദിവസം ഹിമ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടി ചെയ്‌തു. ഡ്യൂട്ടി ചെയ്യുന്ന ഏഴുദിവസവും ആശുപത്രിയിൽത്തന്നെയാണ് താമസം. പിന്നീട് 14 ദിവസം വീട്ടിലെ ഒരു മുറിയിൽ. ഭർത്താവും കുഞ്ഞുമക്കളും അടുത്തുണ്ടെങ്കിലും അവരെ കാണാനോ സംസാരിക്കാനോപോലും സാധിക്കാത്തത്ര ജാഗ്രത പാലിക്കും. കോട്ടയം പാലാ സ്വദേശിയായ ഹിമ കുര്യൻ, ഭർത്താവ് ജയ്‌ഷ് ജോഷിയുടെ സ്വദേശമായ ചേർത്തല കുത്തിയതോടാണ് താമസം. എവിൻ ജെ ജോൺ, നിവിൻ ജെ ജോൺ എന്നിവരാണ് മക്കൾ.
‘ജോലി കിട്ടാനുള്ള എളുപ്പത്തിനാണ് നേഴ്‌സിങ് തെരഞ്ഞെടുത്തത്. എന്നാൽ, ഇപ്പോൾ ജോലിയെ വല്ലാതെ ഇഷ്‌ടപ്പെട്ടുപോകുന്നു.’ എത്ര പറഞ്ഞാലും തീരാത്ത അനുഭവങ്ങളാണ് ഹിമയ്‌ക്ക് കോവിഡ് കാലം സമ്മാനിച്ചത്. ഹിമയെപ്പോലെ 60 നേഴ്‌സുമാരാണ് എറണാകുളം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലും ഐസിയുവിലുമായി ജോലി ചെയ്‌തത്.
Comments