കോവിഡ് ചികിത്സയ്ക്ക് മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ സമിതിയുടെ മേൽനോട്ടം

ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ പ്രവേശിപ്പിക്കപ്പെടുന്ന  കോവിഡ് രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും കോവിഡ് മരണ സംഖ്യ കുറച്ചു കൊണ്ടുവരുന്നതിനുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംവിധാനമൊരുങ്ങുന്നു. ബ്ലാക്ക് ഫംഗസ് രോഗത്തിന്റേയും കൂടി സാഹചര്യത്തിൽ ചികിത്സാ കാര്യങ്ങളിൽ മേൽ നോട്ടത്തിനായി വിവിധ വകുപ്പുകളിലെ മുതിർന്ന ഡോക്ടർമാരുടെ സമിതി
രൂപീകരിക്കും. ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സാ സംവിധാനങ്ങളുടെ മേൽനോട്ടത്തിനും ജില്ലാ ഭരണകൂടത്തിന്റെ സഹായ നടപടികളുടെ ഏകോപനത്തിനുമായി ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയെ ചുമതലപ്പെടുത്തി.

കോവിഡ് രോഗികളെ ചികിത്സക്ക് നിയോഗിക്കുന്ന വിദഗ്ദ്ധ ഡോക്ടർമാരുടേയും നഴ്സുമാരുടേയും എണ്ണം വർദ്ധിപ്പിക്കും.ഡോക്ടർമാരുടെ  കോവിഡ് ഡ്യൂട്ടി ലിസ്റ്റ്  തയ്യാറാക്കുമ്പോൾ 55 വയസ്സിനു മുകളിലുള്ളവരെയും പ്രൊഫസർമാരെയും മാറ്റി നിർത്തും.ബാക്കിയുള്ള ഡോക്ടർമാരിൽ നിന്നും 50 ശതമാനം പേരെ  കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. മറ്റുള്ളവരെ കോവിഡിതര രോഗ ചികിത്സക്കായി ചുമതലപ്പെടുത്തും. കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ സേവനവും ഉപയോഗപ്പെടുത്തും.

നഴ്സുമാരുടെ ഡ്യുട്ടി സമയക്രമം ഓരോ ആഴ്ചയും പുതുക്കും.  ഹെഡ് നഴ്സ്, സ്റ്റാഫ് നഴ്സുമാരുടേയും  ആശുപത്രി വികസന സമിതിയും എൻ.എച്ച്  എം വഴിയും നിയിമിതരായ നഴ്സുമാരുടേയും പ്രത്യകം ഡ്യൂട്ടി ലിസ്റ്റ് തയ്യാറാക്കും. ഓരോ ആഴ്ചയിലേയും ഡ്യൂട്ടി ലിസ്റ്റ് പ്രിൻസിപ്പലിനും സൂപ്രണ്ടിനും സമർപ്പിക്കും. നഴ്സുമാരുടെ താമസത്തിനായി സൗകര്യമൊരുക്കുവാനും തീരുമാനിച്ചു.
ബ്ലാക്ക് ഫംഗസ് രോഗികളെ  ചികിത്സിക്കുന്നതിനായി ആശുപത്രിയിൽ രണ്ട് സ്‌പെഷ്യൽ വാർഡുകൾ ഒരുക്കും.
അമോർട്ടറിസിൻ ബി മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന്  നടപടികൾ സ്വീകരിക്കും.  മെഡിക്കൽ കോളേജിന് അനുവദിച്ച പ്ലാൻ ഫണ്ടിൽ നിന്നും അഞ്ച് കോടി രൂപ ഉപയോഗിച്ച് വെൻറിലേറ്ററുകൾ, ഐസിയു ഉപകരണങ്ങൾ എന്നിവ എത്രയും പെട്ടെന്ന് വാങ്ങുന്നതിന്  കലക്ടർ നിർദേശിച്ചു . കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് നടപടി.

ടെലി ഐസിയുവിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തും.  കോവിഡ് ചികിത്സയിൽ കോഴിക്കോട് മെഡിക്കൽ കോളേജുമായി ചേർന്ന് പ്രവർത്തിക്കുന്ന എംഎം സി, ഇഖ്റ , കെ എം സി ടി , ഇ എസ് ഐ എന്നീ ആശുപത്രികളിലെ ഐ സി യൂണിറ്റുകളുടെ മേൽനോട്ടത്തിന്  സൗകര്യമൊരുക്കും. ഇതിന് എൻ.എച്ച് എം പ്രോഗ്രാം മാനേജരെ  ചുമതലപ്പെടുത്തി. ടെലി ഐസിയു സേവനം മെച്ചപ്പെടുത്തുന്നതിനായി ക്രിട്ടിക്കൽ കെയർ കമ്മിറ്റി അംഗങ്ങൾ ദിവസവും അവലോകനം ചെയ്യും. കോഴിക്കോട് മെഡിക്കൽ കോളേജിനോട് ചേർന്ന് പ്രവർത്തിക്കുന്ന അനുബന്ധ ഐസിയുകളുടെ ഏകോപനത്തിന് നോഡൽ ഓഫീസറെ ചുമതലപ്പെടുത്തി.

Comments

COMMENTS

error: Content is protected !!