കോവിഡ് പ്രതിരോധ കുത്തിവെപ്പ് താളം തെറ്റുന്നു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വാക്സിനെടുക്കാനെത്തുന്നവർ മണിക്കൂറുകൾ കാത്തിരുന്ന ശേഷം നിരാശരായി മടങ്ങേണ്ട സ്ഥിതിയാണ്. ഏതെല്ലാം ദിവസങ്ങളിൽ ആർക്കൊക്കെ നൽകും എന്നതിന് വ്യവസ്ഥയില്ല. ചില ദിവസങ്ങളിൽ കാത്തിരിപ്പ് മണിക്കൂറുകൾ കഴിഞ്ഞാണ് അന്ന് കുത്തിവെപ്പില്ല എന്നറിയുക. ഇത്തരം വിവരങ്ങൾ മുൻകൂട്ടി ജനങ്ങളെ അറിയിക്കാൻ സംവിധാനമില്ല. പ്രതിരോധ കുത്തിവെപ്പു കേന്ദ്രം അടഞ്ഞുകിടക്കുമ്പോൾ മറ്റു ജീവനക്കാരോട് അന്വേഷിച്ചാൽ അവർ കൈമലർത്തും. കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവരും സ്പോട്ട് രജിസ്ട്രേഷൻ ലക്ഷ്യമാക്കി എത്തുന്നവരും മറ്റു രോഗങ്ങളുള്ള, 60 വയസ്സു കഴിഞ്ഞ, ബൂസ്റ്റർ ഡോസ് അറിയിപ്പ് ലഭിച്ചെത്തുന്നവരുമാണ് കാലത്ത് എട്ടു മണി മുതൽ കുത്തിവെപ്പ് കേന്ദ്രത്തിന് മുമ്പിൽ തിക്കിത്തിരക്കുന്നത്. പത്തുമണിയൊക്കെ കഴിഞ്ഞ ശേഷമാകും ‘ഇന്ന് കുത്തിവെപ്പില്ല’ എന്ന അറിയിപ്പ് വരിക. വൾണറബിൾ വിഭാഗത്തിൽപ്പെട്ട പ്രായമായവരൊക്കെ, കോവിഡ് ബാധിതരെക്കൊണ്ട് നിറഞ്ഞ ആശുപത്രി പരിസരത്ത് വെറുതെ ചുറ്റിത്തിരിയേണ്ട സ്ഥിതി വരുന്നു.

ചുരുങ്ങിയ ഡോസ് വാക്സിൻ മാത്രമാണ് ലഭിക്കുന്നതെന്നും അത് നഗരസഭയിലെ ചില വാർഡുകൾക്കും ചുറ്റുപാടുമുള്ള പഞ്ചായത്തുകൾക്കുമായി നിശ്ചയിച്ച് അറിയിപ്പ് ലഭിക്കുന്നത് അന്ന് കാലത്തോ തലേന്നാൾ രാത്രിയോ മാത്രമാണെന്നും ഇത് ജനങ്ങളെ അറിയിക്കാർ സംവിധാനമില്ലാത്തതുകൊണ്ടാണ് എല്ലാവരും ഒരുമിച്ചെത്തി തിക്കിത്തിരക്കുന്നതെന്നും ജീവനക്കാർ പറയുന്നു. അറിയിപ്പ് നേരത്തെ ലഭിച്ചാൽ തിരക്കൊഴിവാക്കാൻ കഴിയും എന്നും അവർ പറയുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ഷീല ഉൾപ്പെടെ 28 ജീവനക്കാർ കോവിഡ് ബാധിച്ച് അവധിയാലയത് ആശുപത്രിയുടെ പ്രവർത്തനങ്ങളെ താളം തെറ്റിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം എന്ന് സുപ്രണ്ട് പറഞ്ഞു. വാക്സിൻ വിതരണം സംബന്ധിച്ച വിവരങ്ങൾ ആശുപത്രി വാട്സാപ്പ് ഗ്രൂപ്പുകളിൽ നൽകുന്നുണ്ടെങ്കിലും അത് ജനങ്ങളിൽ എത്തിക്കാൻ സംവിധാനമില്ല. നഗരസഭയുമായി ബന്ധപ്പെട്ട് അത് ഉടൻ പരിഹരിക്കും; അവർ പറഞ്ഞു. കോവിഡ് ബാധിച്ച ജീവനക്കാരുടെ അവധിയും മറ്റും പ്രയാസങ്ങളുണ്ടാകുന്നുണ്ട് എന്നത് ശരിയാണെങ്കിലും ഇതൊരവസരമാക്കി ചില ജീവനക്കാർ മുങ്ങി നടക്കുന്നതും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട് എന്ന് ജീവനക്കാർക്ക് തന്നെ അഭിപ്രായമുണ്ട്. ആശുപത്രിയുടെ ഭരണാധികാരികളായ നഗരസഭാ അധികൃതർ വേണ്ട പോലെ ഇടപെടൽ നടത്താത്തതാണ് കുത്തഴിഞ്ഞ അവസ്ഥക്ക് കാരണം എന്നും അവർ പറയുന്നു. ആശുപത്രിയിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ചെയർപേഴ്സൺൻ്റെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര ഇടപെടലുണ്ടാവുമെന്നും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജുല കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു.

Comments

COMMENTS

error: Content is protected !!