SPECIAL

ക്രിസ്റ്റ്യാനോ റൊണാൾഡോ മറികടന്നു, 810 ഗോളുകൾ സ്വന്തമാക്കി


ഗോളടിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 800 കടന്ന് മുന്നോട്ട്. ടോപ് ലെവൽ ഫുട്ബോളിൽ ഈ നേട്ടം കെെവരിക്കുന്ന ആദ്യ ഫുട്ബോളർ എന്ന ബഹുമതി സ്വന്തമാക്കി.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം, ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഗോള്‍ നേടിയത താരം എന്നീ റെക്കോഡുകള്‍ റൊണാള്‍ഡോ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഴ്സണലിനെതിരെ ഇരട്ടഗോളടിച്ചാണ് റൊണാൾഡോ മാന്ത്രികസംഖ്യ മറികടന്നത്. 1097 മത്സരങ്ങളിലാ 801 തവണ ഗോൾ വല കുലുക്കി. മാഞ്ചസ്റ്റർ യുണെെറ്റഡ് 3–2നാണ് കളി ജയിച്ചത്. കളിയുടെ 52, 70 മിനിറ്റുകളിലായിരുന്നു പോർച്ചുഗീസ് താരത്തിൻ്റെ ഗോളുകൾ. രണ്ടാമത്തേത് പെനൽറ്റിയിലൂടെയായിരുന്നു. മുപ്പത്താറാം വയസ്സിലാണ് ഈ ഇതിഹാസ നേട്ടം എന്നതും ശ്രദ്ധേയമാണ്.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്റസ്, സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും പോര്‍ച്ചുഗല്‍ ദേശീയ ടീമിനുവേണ്ടിയും കളിച്ചാണ് ഗോൾ വേട്ടകൾ മുഴുവനും.

ഗോളെണ്ണത്തിൽ ബ്രസീൽ ഇതിഹാസം പെലെയാണ് റൊണാൾഡോയ്ക്ക് തൊട്ട് പിന്നിൽ. ഔദ്യോഗിക കണക്കുപ്രകാരം പെലെയ്ക്ക് 765 ഗോളാണ്. അർജന്റീന താരം ലയണൽ മെസിക്ക് 756 ഗോൾ.

ആയിരത്തിൽ കൂടുതൽ ഗോളുകൾ പെലെ നേടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക തെളിവുകളില്ല. മറ്റൊരു ബ്രസീൽ താരം റൊമാരിയോയും ഗോളെണ്ണത്തിൽ 1000 തികച്ചുവെന്ന്‌ അവകാശപ്പെടുന്നുണ്ട്. റൊമാരിയോയ്ക്ക് ഔദ്യോഗികമായി 753 ഗോളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചെക്കോസ്ലൊവാക്യ, ഓസ്ട്രിയ രാജ്യങ്ങൾക്കായി കളിച്ച ജോസെഫ് ബിക്കാന് 821 ഗോളുണ്ടെന്ന് ചെക്ക് ഫുട്ബോൾ അസോസിയേഷൻ അവകാശപ്പെടുന്നുണ്ട്.

ഔദ്യോഗിക കണക്കനുസരിച്ച് റൊണാൾഡോ മാത്രമാണ് 800ൽ തൊട്ടത്. 2002ൽ സ്പോർടിങ് സിപിയുടെ ബി ടീമിലൂടെയാണ് റൊണാൾഡോയുടെ കളിജീവിതം ആരംഭിക്കുന്നത്. പിന്നാലെ സ്പോർടിങ്ങിന്റെ പ്രധാന ടീമിലെത്തി. 2003ൽ മാഞ്ചസ്റ്റർ യുണെെറ്റഡിൽ എത്തിയതോടെ ലോക ഫുട്ബോളിലെ സൂപ്പർതാരം തെളിഞ്ഞു. 2009 വരെ യുണെെറ്റഡിൽ തുടർന്നു. തുടർന്ന് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ. ഒമ്പത് വർഷത്തെ റയൽ ജീവിതത്തിൽ അടിച്ചുകൂട്ടിയത് 450 ഗോളുകൾ.

റയലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരൻ. ഇറ്റാലിയൻ ലീഗിലായിരുന്നു അടുത്ത ഊഴം. യുവന്റസിനായും ഗോളടിച്ചുകൂട്ടി. മാഞ്ചസ്റ്റർ യുണെെറ്റഡിലേക്കുള്ള രണ്ടാംവരവും ആഘോഷമായി. ടീമെന്ന നിലയിൽ യുണെെറ്റഡിന് തിരിച്ചടികൾ ഉണ്ടായെങ്കിലും റൊണാൾഡോയുടെ പ്രഭാവം മങ്ങിയില്ല. യുണൈറ്റഡിൽ തിരിച്ചെത്തിയശേഷം 17 കളിയിൽ 12 ഗോളടിച്ചു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button