ക്വിറ്റ് ഇന്ത്യ സമര പോരാളിയുടെ ഗൃഹസന്ദർശനം നടത്തി വീരവഞ്ചേരി എൽ പി സ്കൂൾ വിദ്യാർഥികൾ

വീരവഞ്ചേരി : സ്വാതന്ത്ര്യത്തിന്റെ അമൃതോൽസവത്തോടനുബന്ധിച്ച്,ക്വിറ്റ് ഇന്ത്യ ദിനവുമായി ബന്ധപ്പെട്ട്,വീരവഞ്ചേരി എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികൾ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന തിക്കോടിയിലെ വണ്ണാൻ കണ്ടി ശ്രീ അച്യുതൻ വൈദ്യരുടെ വീട് സന്ദർശിച്ചു. തങ്ങളുടെ പരിസരപഠനം പുസ്തകത്തിലെ ‘സ്വാതന്ത്ര്യത്തിലേക്ക് ‘ എന്ന പാഠഭാഗത്തിലെ ഒരു പ്രവർത്തനം കൂടിയായിരുന്നു ഇത്.
1930 ൽ തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിച്ച അച്യുതൻ വൈദ്യർ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നത് വരെയും ഉപ്പ്‌ സത്യഗ്രഹം ഉൾപ്പെടെ എല്ലാ സമരങ്ങളിലും പങ്കെടുത്തിരുന്നു. ചരിത്രപ്രസിദ്ധമായ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ഉണ്ടായ കീഴരിയൂർ ബോംബ് കേസിൽ ഡോക്ടർ കെ ബി മേനോനോടൊപ്പം അറസ്റ്റ് വരിച്ചു . 10 മാസത്തോളം പൊലീസ് ലോക്കപ്പിലും റിമാൻഡിലും കിടന്ന അദ്ദേഹം 1944 ൽ 7 കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ആലിപ്പൂർ ജയിലിലേക്കയക്കപ്പെട്ടു . ജനറൽ റിലീസിനെ തുടർന്ന് 1946 ൽ ജയിൽ വിമുക്തനായി. സ്വാതന്ത്ര്യാനന്തരം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്ന് താമ്രപത്രം ലഭിച്ചിട്ടുണ്ട്.1987 ൽ മരണപ്പെട്ടു.


മക്കളായ പത്മജ,പ്രഭാവതി പ്രഭാകരൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ ത്യാഗോജ്വലമായ സ്വാതന്ത്ര്യസമര വീരകഥകൾ കുട്ടികളുമായി പങ്കുവച്ചു.കുട്ടികൾക്കും അധ്യാപകർക്കും ഇത് വേറിട്ടെരനുഭവമായി. എല്ലാ കുട്ടികളും അധ്യാപകരും ചേർന്ന് അദ്ദേഹത്തിന്റെ കുഴിമാടത്തിൽ പുഷ്പാർച്ചന നടത്തി. അച്ചുതൻ വൈദ്യരുടെ മക്കളെ പൊന്നാടയണിയിച്ച് ആദരിച്ചുകൊണ്ട് കുടുംബത്തോടുള്ള ദേശത്തിന്റെ കടപ്പാട് കുട്ടികൾ പ്രകടിപ്പിച്ചു. ജന്മദേശത്ത് ഒരു ക്വിറ്റ് ഇന്ത്യ സമരപ്പോരാളി ഉണ്ടായിരുന്ന വിവരം പോലും പലർക്കും അജ്ഞാതമാണ്.ഇതിൽ കുടുംബാംഗങ്ങൾക്കുള്ള മനോവിഷമം അവർ പങ്കുവച്ചു.കുട്ടികളും ഈ വിഷമത്തിൽ പങ്കു ചേർന്നു.അദ്ദേഹത്തിന് ഒരു സ്മാരകം ഒരുക്കാൻവേണ്ടി അധികൃതർക്ക് നിവേദനം സമർപ്പിക്കാൻ അവർ തീരുമാനിച്ചിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!