KERALA
ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചവർക്ക് നാടിന്റെ യാത്രാമൊഴി
പരവൂർ, കടയ്ക്കൽ ∙ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചവർക്കു നാടിന്റെ യാത്രാമൊഴി. കടയ്ക്കൽ ആൽത്തറമൂട്ടിൽ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നാഗർകോവിൽ കരിയമാണിക്യപുരം ആൾവാർ കോയിൽ സ്ട്രീറ്റിൽ സെൽവരാജ് (49), മക്കളായ സുന്ദർ. എസ്. രാജ് (ശരവണൻ 22), സൗന്ദർ. എസ്. രാജ് (വിഗ്നേഷ് 17) എന്നിവരുടെ മൃതദേഹം പൊതുദർശനത്തിനു ശേഷം കൊല്ലം പോളയത്തോട് പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.
ചിതറയിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി നാഗർകോവിലിൽ നിന്നു കടയ്ക്കലിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു ഇവർ. ക്ഷേത്ര ദർശനത്തിനു ശേഷം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയോടെയാണ് സെൽവരാജിന്റെ നെടുങ്ങോലത്തുള്ള സഹോദരൻ വയലിൽ പുത്തൻവീട്ടിൽ വിനോദിന്റെ വീട്ടിൽ 3 ആംബുലൻസുകളിലായി മൃതദേഹങ്ങൾ എത്തിച്ചത്.
ഭർത്താവിനെയും മക്കളെയും നഷ്ടപ്പെട്ട് ഒറ്റയ്ക്കായിപ്പോയ സുബ്ബലക്ഷ്മിയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ പോലും തളർന്നു.നെടുങ്ങോലത്ത് ആയിരുന്ന ഇവർ 18 വർഷങ്ങൾക്കു മുൻപാണ് നാഗർകോവിലിലേക്കു പോയത്. ഓട്ടോ ഡ്രൈവറാണ് സെൽവരാജ്. സൗന്ദർ പ്ലസ്ടു വിദ്യാർഥിയാണ്. സുന്ദറിനു രണ്ടു മാസങ്ങൾക്ക് മുൻപാണ് ഒരു സ്വകാര്യ ബാങ്കിൽ ജോലി ലഭിച്ചത്.
Comments