ലൈഫ് ഭവനപദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങുന്നു

ലൈഫ് ഭവനപദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങുന്നു. ഇക്കൊല്ലം 1,06,000 വീട് നിര്‍മിക്കാനാണ് ലക്ഷ്യം.  തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഗുണഭോക്താക്കളുമായി ഉടനെ കരാര്‍ ഒപ്പിടും. പട്ടികജാതി-പട്ടികവര്‍ഗ-മത്സ്യത്തൊഴിലാളി മേഖലയ്ക്കും അതിദരിദ്രര്‍ക്കും മുന്‍ഗണന നല്‍കിയാകും വീടുനിര്‍മാണമെന്നു മന്ത്രി എം ബി രാജേഷ് അറിയിച്ചു. അതിദരിദ്രരുടെ പട്ടിക പരിശോധിച്ച് വീട് അനിവാര്യമായവരെ തദ്ദേശസ്ഥാപനങ്ങള്‍ കണ്ടെത്തി, ലൈഫ് അന്തിമ ഗുണഭോക്തൃ പട്ടികയിലേക്ക് ചേര്‍ക്കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതയോഗത്തിലാണ് തീരുമാനം.

ലൈഫ് മിഷന്‍ നിര്‍മിച്ച നാലു ഭവനസമുച്ചയങ്ങള്‍ ഒരുമാസത്തിനുള്ളില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും. പട്ടികവര്‍ഗസങ്കേതങ്ങളില്‍ വീടുവെക്കുന്ന പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് ആറുലക്ഷവും  മറ്റുള്ളവര്‍ക്ക് നാലുലക്ഷം രൂപയാണ് സഹായധനം.

പദ്ധതിയുടെ ഭാഗമായി ഇതുവരെ 3,11,000 വീടുകൾ  പൂര്‍ത്തിയായി. യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിളാ മേരി ജോസഫ്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ലൈഫ് മിഷന്‍ സി ഇ ഒയായ പി ബി നൂഹ് തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!