ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന അനര്‍ഹരെ ഒഴിവാക്കിയില്ലെങ്കില്‍ വലിയ ബാധ്യതയെന്ന് ധനമന്ത്രി
സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെന്നും പരിശോധന നടത്തി അര്‍ഹത ഇല്ലാത്തവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഇതുവഴി സംസ്ഥാന സര്‍ക്കാരിന് വര്‍ഷാവര്‍ഷങ്ങളില്‍ കനത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നതെന്നും ധനമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പെന്‍ഷന്‍ വിഷയത്തില്‍ വിവാദമുണ്ടാക്കനല്ല ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി, പരിശോധനയില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന നാലായിരത്തോളം പേര്‍ പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയെന്നും പറഞ്ഞു. ബയോമെട്രിക് പരിശോധന നടത്തിയതിലൂടെയാണ് നിരവധി അനര്‍ഹരെ കണ്ടെത്തിയത്.
അര്‍ഹരായ ഏറ്റവും സാധാരണക്കാര്‍ക്കാണ് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കേണ്ടത്. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കും. 60 ലക്ഷത്തോളം ആളുകള്‍ക്കാണ് പ്രതിമാസം 1600 രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. അനര്‍ഹരെ കണ്ടെത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ സംസ്ഥാനത്തിന് ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.