കൗൺസിലിങ് സൈക്കോളജിയുടെ മറവിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
കൗൺസിലിങ് സൈക്കോളജിയുടെ മറവിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം ചെമ്മാട് പ്രവർത്തിക്കുന്ന ഈസ് എജ്യുക്കേഷണൽ ഹബിന്റെ ഉടമ പി വി ജമാലുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് തിരൂരങ്ങാടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നേരിട്ടും ഫോണിലും വാട്സ് അപ് മുഖേനയും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഇടപെട്ടെന്നുമാണ് പരാതി. പലപ്പോഴായി എതിരഭിപ്രായം അറിയിച്ചിട്ടും ചൂഷണം തുടർന്നതോടെയാണ് പരാതി നൽകിയതെന്ന് യുവതി പറഞ്ഞു. കൗൺസിലിങ്ങിന്റെ പേരിൽ ലൈംഗികമായി ഉപദ്രവിച്ചു. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
ഇയാളുടെ സ്ഥാപനത്തിൽ എത്തിയ നിരവധി യുവതികൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും യുവതി പറയുന്നു. ഈ മാസം പതിനേഴിനാണ് യുവതി തിരുരങ്ങാടി പൊലീസിന് പരാതി നൽകിയത്.