DISTRICT NEWS

കൺസ്യൂമർഫെഡ് സഹകരണ ഓണച്ചന്ത ആഗസ്റ്റ് 19 മുതൽ

കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിലുള്ള സഹകരണ ഓണച്ചന്തക്ക് ജില്ലയിൽ ആഗസ്റ്റ് 19 ന് തുടക്കമാകും. ആഗസ്റ്റ് 28വരെ പത്ത് ദിവസം സംസ്ഥാനത്താകെ 1,500 ഓണച്ചന്തകളാണ് പ്രവർത്തിക്കുക. പൊതുവിപണി വിലയിലും പത്ത് മുതൽ 40 ശതമാനം വരെ കുറവിൽ നിത്യോപയോഗ സാധനങ്ങളും പച്ചക്കറിയും ചന്തകളിൽ ലഭിക്കുമെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബും എം.ഡി എം.സലീമും അറിയിച്ചു. സഹകരണ ഓണം വിപണി ആഗസ്റ്റ് 20ന്‌ മുഖ്യമന്ത്രി കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്യും.

ഒരു റേഷൻകാർഡിന് സപ്ലെകോനിരക്കിൽ സബ്സിഡി സാധനങ്ങളായ ആന്ധ്ര ജയ അരി, കുറുവ, അഞ്ച് കിലോ കുത്തരി, രണ്ട്കിലോ പച്ചരി, ഒരുകിലോ പഞ്ചസാര, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, അരലിറ്റർ വെളിച്ചെണ്ണ എന്നിവയാണ് ലഭിക്കുക. കുറഞ്ഞവിലക്ക് സേമിയ, പാലട, അരിയട, ചുമന്നുള്ളി, സവാള, ഉരുളക്കിഴങ്ങ്, കറിപ്പൊടികൾ, അരിപ്പൊടികൾ, തേയില എന്നിവയും കിട്ടും.

ഓണച്ചന്തകളിൽ ഉപഭോക്താക്കൾക്കായി സമ്മാനമഴയും കൺസ്യൂമർഫെഡ് ഒരുക്കിയിട്ടുണ്ട്. അഞ്ഞൂറ് രൂപയിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്കാണ് ആകർഷകമായ സമ്മാനം ലഭിക്കുക. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് സമ്മാനാർഹരെ തെരഞ്ഞെടുക്കുക. കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്ന 175 ചന്തകളിലാണ് ഓണാഘോഷം കൊഴുപ്പിക്കാൻ സമ്മാനങ്ങൾ കാത്തിരിക്കുന്നത്. സെപ്തംബർ 10വരെ സമ്മാനമഴ തുടരും.

ഓണച്ചന്തകളിലൂടെ 200 കോടി രൂപയുടെ കച്ചവടമാണ് പ്രതീക്ഷിക്കുന്നത്. സഹകരണസംഘങ്ങൾക്ക് തിരക്കില്ലാതെ സാധനങ്ങൾ വിതരണം ചെയ്യാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. ഓണച്ചന്ത നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റീവ് മാനേജർ എ ശ്യാംകുമാർ, പർച്ചേസിംഗ് മാനേജർ ജി ദിനേശ് ലാൽ, റീജിനൽ മാനേജർ പി കെ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button