ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ചവരില്‍ നിലമ്പൂർ സ്വദേശിയും

ഖത്തറിലെ അൽ മൻസൂറ ഏരിയയിൽ കഴിഞ്ഞ ദിവസം കെട്ടിടം തകർന്ന് മരിച്ചവരിൽ മലയാളിയും. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി(39)യാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ലഭിച്ചതായും മരണം സ്ഥിരീകരിച്ചതായും ബന്ധുക്കൾ അറിയിച്ചു.

ബി റിംഗ് റോഡിലെ ലുലു എക്‌സ്പ്രസിന് പിൻവശമുള്ള പഴകിയ കെട്ടിടമാണ് ബുധനാഴ്ച രാവിലെ തകർന്നുവീണത്. അപകടത്തിൽ ഏഴോളം പേർക്ക് പരിക്കുപറ്റിയതായും ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. രാവിലെ 8.15 ഓടെയാണ് അപകടം സംഭവിച്ചത്. കുറച്ചു പഴക്കമുള്ള കെട്ടിടമായിരുന്നു ഇത്. വിവരം അറിഞ്ഞ ഉടൻ തന്നെ ഖത്തർ ആഭ്യന്തരമന്ത്രാലയം സിവിൽ ഡിഫൻസ്, ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി രക്ഷാപ്രവർത്തനത്തിന്  തുടക്കം കുറിച്ചിരുന്നു.

നിലമ്പൂരിലെ അബ്ദുസ്സമദിന്റേയും ഖദീജയുടേയും മകനാണ് ഫൈസൽ. റബീനയാണ് ഭാര്യ. മക്കൾ: റന, നദയ, മുഹമ്മദ് ഫാബിൻ. മരിച്ച ഫൈസൽ അറിയപ്പെടുന്ന ചിത്രകാരൻ കൂടിയാണ്. പത്തുവർഷത്തോളം ജിദ്ദയിൽ പ്രവാസിയായിരുന്നു. നാലുവർഷം മുമ്പാണ് ദോഹയിലെത്തിയത്.ദോഹയിലെ നിരവധി സാംസ്‌കാരിക പരിപാടികളിൽ നിറസാന്നിധ്യമായിരുന്നു ഫൈസൽ.

Comments

COMMENTS

error: Content is protected !!