ഗജവീരൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു

തൃശൂർ: തൃശൂർ പൂരത്തിന് ഒന്നര പതിറ്റാണ്ട് കാലത്തോളം പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗജവീരൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. കഴിഞ്ഞ പൂരത്തിനും പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്നു. തലപ്പൊക്കത്തിലും അഴകളവുകളിലും പേരെടുത്ത ഗജവീരന്മാർക്കൊപ്പമായിരുന്നു പത്മനാഭന്റെയും സ്ഥാനം.

പാറമേക്കാവ് വേലയ്ക്കാണ് പത്മനാഭനെ നടക്കിരുത്തിയത്. നന്തിലത്ത് ഗോപുവാണ് പത്മനാഭനെ തൃശൂരിൽ എത്തിച്ചത്. 2005 ൽ പാറമേക്കാവ് ദേവസ്വം പത്മനാഭനെ വാങ്ങുകയായിരുന്നു. പാറമേക്കാവ് വിഭാഗത്തിന്റെ പകൽപ്പൂരത്തിന് കുടമാറ്റമുൾപ്പെടെയുള്ളവയ്ക്ക് കോലമേറ്റുന്നത് പത്മനാഭനായിരുന്നു. അറുപത് വയസ്സിലേറെ പ്രായമുണ്ട്. ബിഹാറിൽനിന്ന് കേരളത്തിൽ എത്തിയ ആനകളുടെ കൂട്ടത്തിൽ ഉള്ളതാണ് ഈ ഗജകേസരി. ചൊവ്വാഴ്ച പാടൂക്കാട് ആനപ്പറമ്പിൽ പൊതുദർശനത്തിനു ശേഷം കോടനാട് സംസ്‌കരിക്കും.

ഒരാഴ്ചയായി ശരീര തളർച്ചയെ തുടർന്ന് ചികിൽസയിലായിരുന്നു. പാറമേക്കാവിന്റെ ആനക്കൊട്ടിലിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ പത്മനാഭനെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. കാലിൽ നീർക്കെട്ടിനെ തുടർന്ന് ചികിത്സയിലായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടയിലായിരുന്നു അന്ത്യം.

Comments

COMMENTS

error: Content is protected !!