KERALAUncategorized

ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കാത്തവര്‍ ഇനി കോടതി കയറേണ്ടിവരും

ഇനിമുതൽ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കാത്തവര്‍  കോടതി കയറേണ്ടിവരും. സംസ്ഥാനത്തെ വെര്‍ച്വല്‍ (ഓണ്‍ലൈന്‍) കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന പോലീസും മോട്ടോര്‍വാഹനവകുപ്പും ചുമത്തിയ നാലരലക്ഷം   ഇ-ചെലാന്‍ കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് കൈമാറി. ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചവര്‍ക്ക് ഡ്രെവിങ് ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്തശിക്ഷ കോടതികളില്‍ നേരിടേണ്ടിവരും.

ഒന്നിലേറെത്തവണ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചവര്‍ക്ക് പിഴ ഇരട്ടിയാകും. പിഴ വാങ്ങി കേസ് തീര്‍പ്പാക്കാനുള്ള അധികാരം (കോമ്പൗണ്ടിങ്) ഉപയോഗിച്ച് സര്‍ക്കാര്‍ നല്‍കിയിരുന്ന ഇളവുകള്‍ കോടതികളില്‍നിന്ന് ലഭിക്കില്ല. കേസ് നടത്തിപ്പിന് അഭിഭാഷകരെ ചുമതലപ്പെടുത്തുന്നതടക്കമുള്ള ചെലവുകള്‍ വരും. കോടതി കേസ് തീര്‍പ്പാക്കുംവരെ കരിമ്പട്ടിക നീക്കാനോ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ കഴിയില്ല.

വെര്‍ച്വല്‍കോടതിക്ക് കൈമാറിയാലും, കേസ് ഓണ്‍ലൈനില്‍ തിരികെവിളിച്ച് പിഴ ചുമത്തി തീര്‍ക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ട്. എന്നാല്‍, സി.ജെ.എം. കോടതികളില്‍ അതിന് കഴിയില്ല. കുറ്റം കണ്ടെത്തിയ ഉദ്യോഗസ്ഥന്‍ കേസ് ഫയല്‍ കോടതിക്ക് സമര്‍പ്പിച്ചാലെ സി.ജെ.എമ്മിനും കേസ് പരിഗണിക്കാന്‍ കഴിയൂ. പിഴ അടയ്ക്കാനെത്തുന്നവര്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന നിര്‍ദേശം മിക്ക കോടതികളും നല്‍കിയിട്ടുണ്ട്. കേസ് കോടതിയില്‍ എത്തിക്കേണ്ടതും വാഹന ഉടമയുടെ ചുമതലയായി.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പെട്ടെന്നു തന്നെ ഓണ്‍ലൈനില്‍ അടയ്ക്കുക എന്നതാണ് ഏക പോംവഴി. വാഹന, ലൈസന്‍സ് രേഖകളില്‍ സ്വന്തം മൊബൈല്‍ നമ്പര്‍ ഉള്‍ക്കൊള്ളിച്ചാല്‍ പിഴ ചുമത്തുന്നത് സംബന്ധിച്ച് എസ്.എം.എസ്. സന്ദേശം ലഭിക്കും. https://echallan.parivahan.gov.in/index/accused-challan എന്ന വെബ്സൈറ്റില്‍ പരിശോധിച്ചാലും പിഴ സംബന്ധിച്ച വിവരങ്ങൾ അറിയാൻ കഴിയും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button