ഗതാഗത നിയമലംഘനം പിടികൂടാൻ ഡ്രോണ്‍ എഐ ക്യാമറകള്‍ വാങ്ങണമെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ ശുപാര്‍ശ ഗതാഗതവകുപ്പ് തള്ളി
ഗതാഗത നിയമലംഘനം കണ്ടെത്താൻ ഡ്രോണ്‍ എഐ ക്യാമറകള്‍ വാങ്ങണമെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ ശുപാര്‍ശ ഗതാഗതവകുപ്പ് തള്ളി. നാനൂറ് കോടി മുടക്കി ക്യാമറകള്‍ വാങ്ങുന്നത് അനാവശ്യ ചെലവാണെന്ന് വിലയിരുത്തിയാണ് ഗതാഗത കമ്മീഷണറുടെ റിപ്പോര്‍ട്ട് തല്‍കാലത്തേക്ക് മരവിപ്പിച്ചത്. പൂര്‍ണമായിട്ടും കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിക്കുമെങ്കില്‍ മാത്രം പദ്ധതിയുമായി മുന്നോട്ട് പോയാല്‍ മതിയെന്നും മന്ത്രി ആന്റണി രാജു നിര്‍ദേശിച്ചു.
നിലവിലെ എഐ ക്യാമറകള്‍ വാങ്ങിയത് തന്നെ അമിത വിലയ്ക്കാണെന്നും അഴിമതിയുമാണെന്ന ആരോപണവും വിവാദവും തുടരുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. അതിനിടെ അതിലും ഉയര്‍ന്ന തുകയ്ക്ക് വീണ്ടും ഡ്രോണ്‍ ക്യാമറയെന്ന റിപ്പോര്‍ട്ട് വന്നതോടെ ഗതാഗതവകുപ്പ് ആശയക്കുഴപ്പത്തിലായി. ഒടുവില്‍ ഇത്രയും തുക മുടക്കി വീണ്ടും ക്യാമറകള്‍ വാങ്ങുന്നതിനേക്കുറിച്ച് തല്‍കാലം ആലോചിക്കുകപോലും വേണ്ടെന്ന് മന്ത്രി നിര്‍ദേശിച്ചു. റോഡ് സുരക്ഷാപദ്ധതിയുടെ ഭാഗമായി കേന്ദ്രം പൂര്‍ണ ചെലവ് വഹിക്കാന്‍ തയാറായാല്‍ മാത്രമായിരിക്കും പറന്ന് പിടിക്കുന്ന എഐ ക്യാമറ പദ്ധതിക്ക് ജീവന്‍ വയ്ക്കുക.