ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ച സംഭവത്തില്‍ പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം
പ്രതിയുടെ സഹപ്രവര്‍ത്തകരായ വനിതാ ജീവനക്കാരാണ് സമ്മര്‍ദപ്പെടുത്തുന്നതെന്ന് യുവതിയുടെ ഭര്‍ത്താവ് മെഡി.കോളജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കി. യുവതിക്ക് മാനസിക രോഗമുണ്ടെന്ന് പറഞ്ഞുപരത്തുന്നതായും പരാതിയിലുണ്ട്.
അറ്റന്‍ഡര്‍ തസ്തികയിലുള്ള 15 ഓളം വനിതാ ജീവനക്കാരാണ് തന്നെ സമീപിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞു. രണ്ട് ദിവസമായി വാര്‍ഡില്‍ വന്നാണ് സമ്മര്‍ദം ചെലുത്തുന്നത്. പീഡന പരാതി പിന്‍വലിച്ചാല്‍ നഷ്ടപരിഹാരം ആണ് വാഗ്ദാനം ചെയ്യുന്നതെന്നും ഭര്‍ത്താവ് പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ സി യുവിനുള്ളില്‍ വെച്ചാണ് അറ്റന്‍ഡര്‍ വടകര സ്വദേശി ശശീന്ദ്രന്‍ പീഡിപ്പിച്ചത്. അനസ്തേഷ്യ നല്‍കിയിരുന്നതിനാല്‍ മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി.
അതിനിടെ, സംഭവത്തില്‍ ആശുപത്രിയിലെ 16 നഴ്‌സുമാരില്‍ നിന്ന് മൊഴിയെടുത്തു. പരാതി നല്‍കിയ സ്ത്രീയുടെ രഹസ്യ മൊഴിയും പോലീസ് രേഖപ്പെടുത്തും. സ്ത്രീയുടെ വസ്ത്രങ്ങള്‍ സ്ഥലം മാറിക്കിടക്കുന്നത് കണ്ടപ്പോള്‍ എന്താണ് അങ്ങനെ സംഭവിച്ചതെന്ന് ചോദിച്ചതായി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പോലീസിനോട് വ്യക്തമാക്കി. എന്നാല്‍, രോഗിക്ക് യൂറിന്‍ ബേഗ് ഉണ്ടോയെന്ന് പരിശോധിച്ചതാണെന്ന് അറ്റന്‍ഡര്‍ പറഞ്ഞുവെന്നും നഴ്‌സ് പറഞ്ഞു. നേരത്തേ ആശുപത്രിയിലെ ഒരു നഴ്‌സിനോട് മോശമായി പെരുമാറിയെന്ന പരാതിയും പോലീസിന് ലഭിച്ചിട്ടുണ്ട്.
തൈറോയ്ഡ് സംബന്ധമായ ശസ്ത്രക്രിയക്ക് ശേഷം സര്‍ജിക്കല്‍ ഐ സി യുവില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ലൈംഗികാതിക്രമമുണ്ടായത്. മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയില്‍ കാക്കി വസ്ത്രം ധരിച്ച ആള്‍ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ മനഃപൂര്‍വം സ്പര്‍ശിച്ചുവെന്നാണ് യുവതി നല്‍കിയ പരാതി. ബോധം തിരിച്ചുകിട്ടിയ ശേഷം നഴ്‌സിനോടാണ് സ്ത്രീ പരാതി പറഞ്ഞത്. സംഭവത്തില്‍ ആശുപത്രിയിലെ ഗ്രേഡ് വണ്‍ അറ്റന്‍ഡര്‍ വടകര മയ്യന്നൂര്‍ സ്വദേശി എം എം ശശീന്ദ്രനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും മെഡി.കോളജ് പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.