രജിസ്ട്രേഷൻ വകുപ്പ് പഴഞ്ചൻ വകുപ്പെന്ന ധാരണ തിരുത്തും: മന്ത്രി ജി സുധാകരൻ


ആധാരമെഴുത്തുകാരുടെയും വെണ്ടർമാരുടെയും ജോലി സംരക്ഷിച്ചു കൊണ്ട് തന്നെ ആധുനികവൽക്കരണം നടപ്പാക്കും.

രജിസട്രേഷൻ വകുപ്പ് പഴഞ്ചൻ വകുപ്പെന്ന ജനധാരണ തിരുത്താനുള്ള നടപടികളാണ് വകുപ്പിൽ സ്വീകരിച്ചു വരുന്നതെന്ന് രജിസ്ട്രേഷൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു .

നാദാപുരം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം നിർമാണോദ്ഘാടനം സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി .

പഴഞ്ചൻ കെട്ടിടങ്ങളും പഴഞ്ചൻ രീതികളുമുണ്ടായിരുന്ന രജിസ്ട്രേഷൻ വകുപ്പിനെ മുഴുവൻ പരിഷ്ക്കാനുള്ള നടപടികൾക്ക് പ്രാമുഖ്യം നൽകുകയാണ് സർക്കാർ.  രജിസ്ട്രേഷൻ മേഖലയിൽ ഓൺലൈൻ സംവിധാനങ്ങളും ഇ സ്റ്റാമ്പിംഗും ,ഇ പെയിമെന്റും തുടങ്ങി നിരവധി പരിഷ്ക്കാരങ്ങൾ വരുത്തി.  ആധാരമെഴുത്തുകാരുടെയും വെണ്ടർമാരുടെയും ജോലി സംരക്ഷിച്ചു കൊണ്ട് തന്നെ ആധുനികവൽക്കരണം നടപ്പാക്കും.

രജിസ്ട്രേഷൻ രേഖകൾ ഡിജിറ്റലൈസ് ചെയ്യാനുള്ള പ്രവർത്തനവും നടക്കുകയാണ്. ആധാരമെഴുത്ത് മേഖലയിൽ കഴിഞ്ഞ വർഷം 10000 പേർക്ക് പുതുതായി ജോലി നൽകി.

സർക്കാറിന് വരുമാനം നൽകുന്ന ഏറ്റവും പ്രധാന വകുപ്പാണെങ്കിലും ഇത്രയും കാലം സബ് രജിസ്ട്രാർ ഓഫീസുകൾ പുതുക്കി പണിയാനുള്ള നടപടികൾ സ്വീകരിച്ചിരുന്നില്ല .അതിനുള്ള നടപടികളും സ്വീകരിക്കുകയാണ്.

ജില്ലയിൽ 12 സബ് രജിസ്ട്രാഫീസുകൾ പുതുക്കി പണിയുകയാണ് .ഭൂമിയുടെ ന്യായവില നിശ്ചയിക്കാൻ നടപടി ത്വരിതപ്പെടുത്തുകയാണ് .ഭൂമിയുടെ വില ഒരു പരിധിയിൽ കൂടുതൽ വർദ്ധിക്കുന്നത് അപകടമാണ്. ഒരു സെന്റ് ഭൂമി വാങ്ങാൻ സാധാരണക്കാരന് ഭീതിയുണ്ടാകുന്ന അവസ്ഥയുണ്ടാകരുത്. രജിസ്ട്രേഷൻ വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു .

നാദാപുരം എം എൽ എ  ഇ കെ വിജയൻ അധ്യക്ഷത വഹിച്ചു. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ കേരള എ അലക്സാണ്ടർ സ്വാഗതം പറഞ്ഞു . സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ മേഖല മാനേജർ എസ് ദീപു റിപ്പോർട്ട് അവതരിപ്പിച്ചു .തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് ബാലകൃഷ്ണൻ, നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സഫീറ , ജില്ലാ പഞ്ചായത്തംഗം അഹമ്മദ് പുന്നക്കൽ,  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!