Uncategorized
ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന് തുടക്കംകുറിച്ച് ആനയോട്ടം ഇന്ന്
ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന് തുടക്കംകുറിച്ച് ആനയോട്ടം ഇന്ന്. വൈകിട്ട് മൂന്നുമണിച്ച് മഞ്ജുളാലിൽനിന്ന് ആരംഭിക്കുന്ന ആനയോട്ടത്തിൽ 19 ആനകൾ പങ്കെടുക്കും. അഞ്ച് ആനകളെ ഓടിക്കും. ഇന്ന് രാവിലെ ആനയില്ലാശീവേലിയാണ്. ഭഗവാന്റെ തങ്കത്തിടമ്പ് കയ്യിലെടുത്ത് എഴുന്നള്ളിച്ച് കീഴ്ശാന്തി ശീവേലി പൂർത്തിയാക്കും. ക്ഷേത്രത്തിൽ ആന ഇല്ലാതിരുന്ന കാലത്ത് കൊടിയേറ്റ ദിവസം രാവിലെ ആന എത്തിയില്ലെന്നും എന്നാൽ ഉച്ചകഴിഞ്ഞപ്പോൾ ആനകൾ കൂട്ടത്തോടെ ഓടിയെത്തിയെന്നുമുള്ള ഐതിഹ്യത്തിന്റെ ഭാഗമാണ് ആനയില്ലാശീവേലിയും ആനയോട്ടവും. ഉത്സവത്തിന്റെ ആദ്യ ദിവസം മാത്രമാണ് ഗുരുവായൂരിൽ ആനയില്ലാശീവേലി നടക്കുന്നത്. ആദ്യം ക്ഷേത്രഗോപുരം കടക്കുന്ന ആന ഏഴ് പ്രദക്ഷിണം പൂർത്തിയാക്കും.
ഇന്ന് രാത്രി തന്ത്രി ചേന്നാസ് ദിനേശൻ സ്വർണധ്വജത്തിൽ സപ്തവർണക്കൊടിയേറ്റുന്നതോടെയാണ് ഗുരുവായൂരിൽ 10 ദിവസത്തെ ഉത്സവം ആരംഭിക്കുക. കലാമണ്ഡലത്തിന്റെ കഥകളിയോടെ കലാപരിപാടികൾക്കും തുടക്കം കുറിക്കും.
Comments