ഗുരു ചേമഞ്ചേരിയുടെ നിത്യ സ്മൃതിയിൽ കഥകളി പഠന ശിബിരത്തിന് വർണ്ണാഭമായ തുടക്കം

ഗുരു ചേമഞ്ചേരിയുടെ നിത്യ സ്മൃതിയിൽ കഥകളി പഠന ശിബിരത്തിന് വർണ്ണാഭമായ തുടക്കം.പ്രശസ്ത സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരി ഗോവിന്ദൻ ശിബിര പരിപാടികൾ ഉദ്ഘാടനം ചെയ്തു.കലയുടെ ലാവണ്യം ഒന്നു കൊണ്ടു മാത്രമേ മലീമസമായ സാമൂഹിക ഘടനയെ നവീകരിക്കാനാവൂ എന്ന് അദ്ദേഹം പറഞ്ഞു. കഥകളി പോലുള്ള ചിട്ട പ്രധാനമായ ഒരു കലാരൂപത്തെ അതിനായി പരുവപ്പെടുത്താൻ ശ്രമിക്കുന്നു എന്നതാണ് കഥകളി വിദ്യാലയത്തിൻ്റെയും ദിവംഗതനായ ഗുരു ചേമഞ്ചേരിയുടെയും ആനുകാലിക പ്രസക്തി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഥകളി എന്ന വിശ്വകലയെ പുതു തലമുറയിലെ കുരുന്നുകൾക്ക് പരിചയപ്പെടുത്തുന്നതിനായാണ് ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരം ആരംഭിച്ചിരിക്കുന്നത്.മെയ്‌ 5 മുതൽ 14 വരെ 10 ദിവസമാണ് ശിബിരത്തിൽ പരിശീലന പരിപാടികൾ നടക്കുന്നത്.

കഥകളി വേഷം ,സംഗീതം ,ചുട്ടിയും കോപ്പു നിർമ്മാണവും ,ചെണ്ട ,മദ്ദളം തുടങ്ങിയവക്കു പുറമെ ഇത്തവണ ഓട്ടൻ തുള്ളൽ ,കൂത്ത് ,
കൂടിയാട്ടം എന്നിവയിലും വിദഗ്ദർ ക്ലാസുകൾ നയിക്കുന്നു.വിവിധ വിഭാഗങ്ങളിലായി നേരത്തെ അപേക്ഷ സമർപ്പിച്ച 60 വിദ്യാർത്ഥികൾ ശിബിരത്തിൽ പങ്കെടുത്തു വരുന്നു.മെയ് 8 മുതൽ 13 വരെ നടക്കുന്ന ഗ്രാമതല കഥകളി സന്ദേശ യാത്ര കൾ ഇത്തവണത്തെ ശിബിരത്തിൻ്റെ സവിശേഷതയാണ്.
ഗ്രാമ സദസ്സുകളിൽ 5 വ്യത്യസ്തങ്ങളായ ആട്ടക്കഥകളുടെ പരിചയപ്പെടുത്തൽ ,രംഗാവതരണം എന്നിവ അരങ്ങേറും.

മെയ് 13 ,14 തിയ്യതികളിൽ നടക്കുന്ന കലോത്സവത്തിൽ കഥകളി ,ഓട്ടൻ തുള്ളൽ എന്നിവ അവതരിപ്പിക്കപ്പെടും.സർവ്വശ്രീ കലാമണ്ഡലം പ്രേംകുമാർ ,കലാമണ്ഡലംശിവദാസ് ,കലാനിലയം ഹരി, കലാനിലയം പത്മനാഭൻ ,കോട്ടക്കൽ ശബരീഷ് ,പ്രഭാകരൻ പുന്നശ്ശേരി ,പൈങ്കുളം നാരായണ ചാക്യാർ തുടങ്ങിയവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നു.ഉദ്ഘാടന സമ്മേളനത്തിൽ
ഡോ എന്‍ വി സദാനന്ദൻ, പ്രശോഭ് .ജി, കലാമണ്ഡലം ഹരി ,കലാമണ്ഡലം പ്രേംകുമാർ ,പ്രഭാകരൻ പുന്നശ്ശേരി എന്നിവർ സംബന്ധിച്ചു. ഈ വർഷത്തെ ശിബിര പരിപാടികൾ മെയ് 14ന് സമാപിക്കും.

Comments

COMMENTS

error: Content is protected !!