ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി പുക്കാട് കലാലയം ഏർപ്പെടുത്തുന്ന ഗുരുവരം പുരസ്ക്കാരം പ്രശസ്ത നർത്തകിയും കലാപ്രവർത്തകയുമായ നയൻതാര മഹാദേവന്
ചേമഞ്ചേരി: നാട്യാചാര്യനും കലാലയം സ്ഥാപക ഗുരുനാഥനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി പുക്കാട് കലാലയം ഏർപ്പെടുത്തുന്ന ഗുരുവരം പുരസ്ക്കാരം പ്രശസ്ത നർത്തകിയും കലാപ്രവർത്തകയുമായ നയൻതാര മഹാദേവന് സമർപ്പിയ്ക്കും. നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് ഇത്തവണത്തെ പുരസ്ക്കാരം.
നാലാം വയസ്സു മുതൽ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ശിക്ഷണത്തിൽ നൃത്തകലയുടെ ആദ്യ പാoങ്ങൾ അഭ്യസിച്ച നയൻതാര കലാമണ്ഡലം മീരാ നായർ കലാമണ്ഡലം സരസ്വതി ടീച്ചർ എന്നിവരിൽ നിന്നും ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ ഉന്നത പരിശീലനം നേടി. ഗുരു രാജരത്നം പിള്ളൈ, കിട്ടപ്പ പിള്ളൈ, ഗുരു ഡോ.വെമ്പട്ടി ചിന്നസത്യം (കുച്ചിപ്പുടി) ഡോ. പത്മ സുബ്രഹ്മണ്യം ,ഡോ. വസുന്ധര ദൊരൈസ്വാമി, കലാമണ്ഡലം ലീലാമ്മ എന്നിവരുടെ മാർഗനിർദേശത്തിൽ ഉന്നത പഠനത്തിനും ശ്രീമതി നയൻതാരയ്ക്ക് അവസരം ലഭിച്ചു. കണ്ണൂർ സ്വദേശിനിയായ നയൻതാര മഹാദേവൻ ഇന്ത്യയിലും വിദേശങ്ങളിലുമായി ഒട്ടേറെ നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ക്ലാസിക്കൽ നൃത്ത പഠന കേന്ദ്രമായ ‘നൃത്യ സരസ്സിൻ്റ ‘ ഡയറക്ടറാണ്. കണ്ണൂരിലെ ‘സാന്ത്വനം ‘ വൃദ്ധ സദനത്തിൻ്റെയും അനാഥാലയങ്ങളുടെയും പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ പ്രവർത്തന രംഗത്തും സജീവമാണ് നയൻതാര .
ഡോ. ഭരതാഞ്ജലി മധുസൂദനൻ, കലാമണ്ഡലം പ്രേംകുമാർ, ജനാർദ്ദനൻ വാടാനപ്പള്ളി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. അവാർഡ് ശില്പവും പ്രശസ്തിപത്രവും പതിനായിരത്തിയൊന്ന് രൂപയും ചേർന്നതാണ് പുരസ്ക്കാരം.
ഏപ്രിൽ 8 ന് ഗുരുവരം പരിപാടിയുടെ സമാപനസമ്മേളനത്തിൽ പുരസ്ക്കാരം സമർപ്പിക്കും.