‘ഗൃഹസുരക്ഷ’- ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
നാദാപുരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് വികസന സമിതി, നാദാപുരം ഫയർ ആന്റ് റെസ്ക്യൂ ടീമിന്റെ സഹകരണത്തോടെ ഗൃഹസുരക്ഷാ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഥമ ശുശ്രൂഷയുടെ കാര്യത്തിൽ പൊതുജനങ്ങളുടെ അജ്ഞതയും അശ്രദ്ധയുമാണ് പലപ്പോഴും അപകടങ്ങളുടെ ആക്കം കൂട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാദാപുരം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ നിർദ്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഫയർ ആന്റ് റസ്ക്യൂ ഓഫീസർ എ. സതീഷ് ക്ലാസെടുത്തു. റോഡപകടങ്ങൾ, തീപ്പിടുത്തം തുടങ്ങിയ അത്യാഹിതങ്ങളിലും, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി അടിയന്തിര ഘട്ടങ്ങളിലും ലഭ്യമാക്കേണ്ട പ്രാഥമിക ശുശ്രൂഷയെ കുറിച്ച് പ്രായോഗിക ക്ലാസ് നൽകി. ഫസ്റ്റ് എയ്ഡ് പ്രവർത്തനം, ഗ്യാസ് ലീക്ക് മൂലമുള്ള തീപ്പിടുത്ത നിയന്ത്രണം, ഫയർ എസ്റ്റിംക്യുഷെറിന്റെ പ്രവർത്തനം എന്നിവയും വിശദീകരിച്ചു.
പഞ്ചായത്ത് അംഗം എം.സി. സുബൈർ അധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ എടത്തിൽ നിസാർ സ്വാഗതവും വി.ടി. മുഹമ്മദ് നന്ദിയും പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.