മാവേലി സ്റ്റോറില്‍ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈക്കോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍.

കോഴിക്കോട് പാളയം മാവേലി സ്റ്റോര്‍ മാനേജര്‍ കെ നിതിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സപ്ലൈക്കോയിലെ സാധനക്ഷാമം വാര്‍ത്തയായതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

സ്റ്റോറില്‍ ചില സാധനങ്ങള്‍ ഇല്ല എന്ന് ബോര്‍ഡില്‍ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയില്‍ പരിശോധന നടത്തിയപ്പോള്‍ ഇല്ല എന്ന് പറഞ്ഞ സാധനങ്ങള്‍ കണ്ടെത്തി. ഉളള സാധനങ്ങള്‍ ഇല്ല എന്ന് പറഞ്ഞുവെന്ന് സപ്ലൈക്കോയുടെ റീജ്യണല്‍ മാനേജര്‍ ഇറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

എന്നാല്‍ പൂപ്പല്‍ പിടിച്ച സാധനങ്ങളാണ് അന്വേഷണസംഘം അവിടെ കണ്ടെത്തിയതെന്നാണ് സപ്ലൈക്കോ മാനേജര്‍ പറയുന്നത്. കണ്ടെത്തിയ സാധനങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രമേ ഉണ്ടായിരുന്നുളളു. സപ്ലൈക്കോയെ അപമാനിക്കുന്നതിന് വേണ്ടിയല്ല. ആളുകള്‍ക്ക് ഏതെല്ലാം സാധനം ഡിപ്പോയില്‍ ലഭിക്കുമെന്ന് അറിയാന്‍ വേണ്ടിയും ഇല്ലാത്ത സാധനം വാങ്ങാന്‍ ആളുകള്‍ വരി നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാനുമാണ് ബോര്‍ഡ് വെച്ചതെന്നും മാനേജര്‍ വിശദമാക്കിയിരുന്നു. എന്നാല്‍ ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കുകയായിരുന്നു.

Comments

COMMENTS

error: Content is protected !!