KERALA

ഗെയ്ല്‍ പദ്ധതി യാഥാര്‍ഥ്യമായി: സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി, മുഖ്യമന്ത്രിക്ക് അഭിനന്ദനം

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ഗെയിൽ വെല്ലുവിളികൾക്കിടയിലും  യാഥാര്‍ത്ഥ്യമാക്കാനായതിലെ സന്തോഷം മറച്ചുവയ്ക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. സംയുക്ത സംരംഭം വിജയം കണ്ടതിൽ വലിയ സന്തോഷം ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  പറഞ്ഞു. കൊച്ചി മംഗളൂരു പൈപ്പ് ലൈൻ പദ്ധതി നരേന്ദ്ര മോദി നാടിന് സമ൪പ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തിൽ ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പിടൽ ദുഷ്കരമായിരുന്നു. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിക്കാനായി. കേരളാ സര്‍ക്കാര്‍ വാക്കുപാലിച്ചു പദ്ധതിയുമായി സഹകരിച്ച ജനങ്ങൾ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളാ കര്‍ണാടക ഗവര്‍ണര്‍മാരും ഉദ്യോഗസ്ഥരുമാണ് ചടങ്ങിൽ പങ്കെടുത്തത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവരം ഉയരുമെന്ന് മുഖ്യമന്ത്രി വിലയിരുത്തി. സംസ്ഥാന വികസനത്തിന് പദ്ധതി മുതൽക്കൂട്ടാണ്. രണ്ട് പ്രളയങ്ങളും നിപ്പ മുതൽ കൊവിഡ് വരെയുള്ള വെല്ലുവിളികളും നേരിട്ടാണ് പദ്ധതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയത്. കൊവിഡ് പ്രതിസന്ധികൾക്കിടയിലു൦ പദ്ധതി പൂ൪ത്തിയാക്കിയ തൊഴിലാളികളെയും അഭിനന്ദനം അറിയിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏലൂരിൽ നിന്ന് മംഗലാപുരം വരെ ഏഴ് ജില്ലകളിലൂടെ കടന്ന് പോകുന്ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമായത്. 450 കിലോമീറ്റര്‍ പൈപ്പ് ലൈൻ ആണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. വ്യവസായശാലകൾക്ക് പുറമെ എറണാകുളം മുതൽ വടക്കോട്ടുള്ള ഏഴ് ജില്ലകളികളിൽ വാഹന – ഗാർഹിക വാതക വിതരണത്തിനുള്ള സാധ്യതക്ക് കൂടിയാണ് ഇതോടെ വഴിതുറക്കുന്നത്. വലിയ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പലവട്ടം മുടങ്ങിയ പദ്ധതിയാണ് സ്വപ്ന പദ്ധതിയെന്ന പേരിൽ ഏറ്റെടുത്ത് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്.

വൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലിൽ നിന്ന് തുടങ്ങുന്ന വിതരണ ശൃംഖല എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകൾ പിന്നിട്ട് മംഗളൂരുവിലെത്തും. വ്യവസായങ്ങൾക്കും,വാഹനങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കും പ്രകൃതിവാതകം ഉറപ്പാക്കാം. കൊച്ചിയിലെ ഫാക്ട് ( FACT ), ബിപിസിഎൽ (BPCL), മംഗളൂരു കെമിക്കൽസ് ആന്‍റ് ഫെർട്ടിലൈസേഴ്സ് എന്നീ കമ്പനികൾക്ക്
ആദ്യഘട്ടത്തിൽ പ്രകൃതിവാതകം വിതരണം ചെയ്യും. എറണാകുളം മുതൽ കാസർകോട് വരെയുള്ള മുഴുവൻ ജില്ലകളിലും ടാപ് ഓഫ് സ്റ്റേഷൻ ഉൾപ്പടെ 28 കേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്ന് കണക്ഷനെടുത്ത് വാഹനങ്ങൾക്കും, ഗാർഹിക ആവശ്യങ്ങൾക്കും പ്രകൃതിവാതകം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലേക്കെത്തിക്കാം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button