കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 385 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 3128 ആയി. കോവിഡ് മൂലം ഒരു മരണമാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് കേരളത്തിലാണ്. പുതിയ കോവിഡ് സബ് വേരിയന്റ് ആയ ജെഎന്‍-1 കഴിഞ്ഞ ദിവസം ഇന്ത്യയില്‍ 110 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇതില്‍ ആറ് പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഡല്‍ഹിയിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ആദ്യ ജെഎന്‍-1 കേസാണിത്. പരിശോധനക്ക് അയച്ച മൂന്ന് സാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ ഒമിക്രോണ്‍ വകഭേദവും സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4093 ആയി ഉയര്‍ന്നു. ഇതില്‍ 412 പേരില്‍ ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്ക ജെഎന്‍-1 കേസുകളും പ്രദേശങ്ങളിലെ ഒരു ക്ലസ്റ്ററിങിനെയും പ്രതിനിധീകരിക്കുന്നില്ല എന്നതാണ് ആശ്വാസം. മാത്രമല്ല മിക്ക ജെഎന്‍-1 സബ് വേരിയന്റ് കേസുകളിലും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്.

രാജ്യത്ത് കോവിഡ് ടെസ്റ്റുകള്‍ ഏറ്റവും അധികം നടക്കുന്ന സംസ്ഥാനം കേരളമാണ് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനാല്‍ തന്നെ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നത് സ്വാഭാവികമാണെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ആദ്യമായി കോവിഡും ജെഎന്‍-1 വകഭേദവും സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇത് ഇവിടുത്തെ സംവിധാനം എത്രത്തോളം മികച്ചതാണ് എന്നാണ് വ്യക്തമാക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉണ്ട്. പുതിയ സാഹചര്യത്തില്‍ പ്രായമായവര്‍, ഗര്‍ഭിണികള്‍, അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ജെഎ-1 ന്റെ വ്യാപന ശേഷി കൂടുതലാണെങ്കിലും ഗുരുതരാവസ്ഥയിലേക്ക് പോകാനിടയില്ലെന്നും എങ്കിലും ജാഗ്രത കൈവിടാന്‍ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Comments
error: Content is protected !!