DISTRICT NEWS

ചക്കിട്ടപാറ വില്ലേജ് ഓഫീസിൽ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യാശ്രമം

കോഴിക്കോട് ചക്കിട്ടപാറ വില്ലേജ് ഓഫീസിൽ വീട്ടമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചു. പൊയ്കയിൽ വീട്ടിൽ മേരി മകൾ ജെസ്സി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. അയൽവാസിയുമായി ഉണ്ടായ വഴിത്തർക്കം പരിഹരിക്കാൻ റവന്യൂ അധികൃതർ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ഇരുവരും ആത്മഹത്യാശ്രമം നടത്തിയത്.

വീട്ടിലേക്കുള്ള വഴി കെട്ടിയടച്ച് അയൽവാസി മതിൽ കെട്ടിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ചക്കിട്ടപാറ വില്ലേജ് ഓഫീസിലെത്തിയ മേരിയും ജെസ്സിയും ഉച്ചവരെ ഓഫീസിന് പുറത്ത് കുത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. ഇതേതുടർന്നാണ് ഇരുവരും 2 മണിയോടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. സമീപത്തുണ്ടായിരുന്ന പൊലീസ് ഉടൻ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റിയതിനാൽ അപകടം ഒഴിവായി. 

സംഭവത്തെ തുടർന്ന് പൊലീസ് തഹസിൽദാറുമായി നടത്തിയ ചർച്ചയിൽ വഴി കെട്ടിയടച്ച് മതിൽ കെട്ടിയോ എന്ന് പരിശോധിക്കാൻ തീരുമാനമായി. ഇതിനായി സർവെയർ സ്ഥലത്തെത്തിയിട്ടുണ്ട്. പരാതിയിൽ പറയുന്ന പ്രകാരം കയ്യേറ്റമുണ്ടായോ എന്ന് അളന്ന് തിട്ടപ്പെടുത്തുമെന്ന് തഹസിൽദാർ വ്യക്തമാക്കി. 

വിഷയത്തിൽ നേരത്തെ പൊലീസിൽ പരാതി നൽകിയെങ്കിലും നീതി കിട്ടിയില്ലെന്ന് മേരി ആരോപിച്ചു. തങ്ങളുടെ വഴി കെട്ടി അടയ്ക്കാൻ അയൽവാസിക്ക് റവന്യൂ ജീവനക്കാർ ഒത്താശ ചെയ്തുകൊടുത്തു എന്ന് വിധവകളായ അമ്മയും മകളും ആരോപിക്കുന്നു. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button