ചക്കിട്ടപ്പാറയിലെ തുടർച്ചയായ മാവോവാദി സാന്നിദ്ധ്യം; അധികൃതർക്ക് ആശങ്ക

പേരാമ്പ്ര: മുതുകാട്ട് മാവോയിസ്റ്റ് സാന്നിദ്ധ്യം തുടർകഥയാകുന്നു. സീതപ്പാറ ആദിവാസി കോളനിക്ക് അടുത്താണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ആയുധധാരികളായ മാവോവാദികള്‍ എത്തിയത്. ബുധനാഴ്ച വൈകീട്ട് സീതപ്പാറ കോളനിക്ക് അടുത്ത് മൂന്നാം ബ്ലോക്ക് ഭാഗത്തെ പുഴത്തീരത്താണ് ആറംഗ സംഘത്തെ അവസാനം കണ്ടത്. ജോലി കഴിഞ്ഞെത്തി പുഴയിൽ കുളിച്ചു കയറിയ നാട്ടുകാരായ നാല് പേര്‍ തീരത്തുണ്ടായിരുന്നു. ഇവരോട് കടയില്‍ പോയി അരി വാങ്ങി എത്തിക്കാന്‍ സംഘം ആവശ്യപ്പെട്ടതായി പറയുന്നു. ആ സമയത്ത് കടയിൽ പോകാൻ ബുദ്ധിമുട്ടാണ് എന്നറിയിച്ചതോടെ വീട്ടില്‍ നിന്ന് കുറച്ചരി എത്തിക്കാൻ ആവശ്യപ്പെട്ടു. രണ്ട് പേരെ പുഴത്തീരത്തു തന്നെ നിര്‍ത്തി മറ്റുള്ളവരോട് അരിയുമായി വരാൻ പറയുകയായിരുന്നു. അവര്‍ നല്‍കിയ അരിയുമായി സംഘം മടങ്ങുകയു ചെയ്തു. ഏകദേശം ഒന്നരമണിക്കൂറോളം സംഘം ജനവാസ മേഖലയിലുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഈ പ്രദേശം ചക്കിട്ടപ്പാറ പഞ്ചായത്തിലെ ആറാം വാർഡിലാണ്.
ഇതിനടുത്തുള്ള പുഷ്പഗിരി മേഖലയിലെ മൂന്ന് വീടുകളില്‍ ഈ മാസം ഏഴിന് രാത്രി ആറംഗ മാവോവാദി സംഘം എത്തിയിരുന്നു. നാല് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് ആ സംഘത്തിലുമുണ്ടായിരുന്നത്. അവര്‍ തന്നെയാവാം സീതപ്പാറ കോളനിയിലും എത്തിയതെന്നാണ് അനുമാനം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പുതിയ സ്ഥലത്തേക്ക് വീട് മാറിയ കാര്യങ്ങളെ പറ്റി സംഘം വിശദമായി ചോദിച്ചറിഞ്ഞതായാണ് വിവരം. സുനിലിനെതിരെ മാവോവാദികള്‍ പോസ്റ്ററും നോട്ടീസുമൊക്കെ പതിച്ച സംഭവമുണ്ടായിട്ടുണ്ട്. പ്രസിഡണ്ട് സുനിലിന്റെ വീടിന് സമീപത്തെ വീടുകളില്‍ കഴിഞ്ഞ വര്‍ഷം മാവോവാദികള്‍ എത്തി കാര്യങ്ങള്‍ അന്വേഷിച്ചതായി പറയുന്നു. പ്രസിഡന്റിപ്പോൾ തോക്കേന്തിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ അകമ്പടിയോടെയാണ് സഞ്ചരിക്കുന്നത്.

Comments

COMMENTS

error: Content is protected !!