MAIN HEADLINESUncategorized

ചാരക്കേസ് ഗൂഡാലോചന, മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതിയായ ഇന്റലി‍ജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാര്‍ അടക്കമുള്ളവരുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. പ്രതികളായ എസ് വിജയൻ, തമ്പി എസ് ദുർഗ്ഗാദത്ത്, പിഎസ് ജയപ്രകാശ് എന്നിവരുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നും സിബിഐ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്തുതകൾ കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടന്നും  സിബിഐ അവശ്യപെട്ടു.

ആർ. ബി ശ്രീകുമാർ ഉൾപ്പടെയുള്ള പ്രതികൾക്ക് നേരെ  ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണെന്ന് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സിബിഐ ആരോപിച്ചു. പ്രതികൾ ജാമ്യത്തിൽ തുടരുന്നത്  അന്വേഷണത്തിൻ്റെ വേഗതയെ ബാധിക്കും. സാക്ഷികൾ മൊഴി നൽകാൻ മടി കാണിക്കുമെന്നും  ഹർജിയിൽ വ്യക്തമാക്കി.

വി എസ് എസ് സിയിൽ കമാൻഡന്റ് ആയിരുന്ന കാലം മുതൽ ആർ ബി ശ്രീകുമാറിന് തന്നെ അറിയാമായിരുന്നു എന്ന നമ്പി  നാരായണന്റെ മൊഴി സിബിഐ മുന്നിലുണ്ട്.  അടുത്ത  ബന്ധുവിന് ജോലി നൽകണം എന്ന ശ്രീകുമാറിന്റെ ആവശ്യം നിരസിച്ചതിനാൽ തന്നോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്നും മൊഴിയിലുണ്ട് . ഭാവിയിൽ ദുഃഖിക്കേണ്ടി വരുമെന്ന് ശ്രീകുമാർ ഭീഷണി പെടുത്തിയിരുന്നുവെന്നും സിബിഐ സംഘത്തോട്  നമ്പി നാരായൺ പറഞ്ഞിരുന്നു. ഈ ആരോപണങ്ങളുടെ സത്യാവസ്ഥ  തെളിയിക്കാൻ ശ്രീകുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് സിബിഐ യുടെ നിലപാട്.

ചാരക്കേസ്  ഗൂഢാലോചനയിലെ ഏഴാം പ്രതിയാണ് ആർ ബി ശ്രീകുമാർ.  എസ്. വിജയൻ ഒന്നാം പ്രതിയും, തമ്പി എസ്. ദുർഗാദത്ത് രണ്ടാം പ്രതിയും, പി എസ് ജയപ്രകാശ് പതിനൊന്നാം പ്രതിയുമാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button