KOYILANDILOCAL NEWSUncategorized

ചികിത്സാ സഹായ ശേഖരണത്തിന്റെ മറവിൽ നടക്കുന്നത് വമ്പൻ വെട്ടിപ്പ്. ബസ്സ് സ്റ്റാന്റുകളിൽ പണപ്പിരിവ് തൊഴിലാക്കിയ ധാരാളം ഏജൻസികൾ കോടികൾ പിരിച്ചെടുക്കുന്നു. രോഗികൾക്ക് ലഭിക്കുന്നത് തുച്ഛമായ തുക മാത്രം

 

കൊയിലാണ്ടി: ബസ്‌സ്റ്റാന്റുകളു മറ്റും കേന്ദ്രീകരിച്ച് കിടപ്പു രോഗികളുടെ പേരിൽ പണപ്പിരിവ് നടത്തുന്ന സംഘങ്ങൾ പെരുകുന്നു. ചില ഏജൻസികളുടെ പേരിലാണ് പിരിവ് നടത്തുന്നത്. പിരിച്ചെടുത്ത സംഖ്യയുടെ 40 ശതമാനം ഏജൻസികൾക്ക് കമ്മീഷൻ എന്നാണ് അലിഖിത നിയമം. എന്നാൽ പിരിച്ചെടുക്കുന്ന സംഖ്യക്ക് ആർക്കും കണക്കില്ല. ഏജൻസി പറയുന്നതാണ് കണക്ക്. യഥാർത്ഥത്തിൽ പിരിച്ച തുകയുടെ ചെറിയൊരംശം മാത്രമേ ഇവർ രോഗിയുടെ ബന്ധുക്കൾക്ക് നൽകുന്നുള്ളൂ. കിട്ടുന്നത് ആശ്വാസം എന്ന് കരുതി രോഗിയുടെ ബന്ധുക്കളാരും അത് ചോദ്യം ചെയ്യാറില്ല.

എറണാകുളത്തോ, പാലക്കാട്ടോ കോട്ടയത്തോ ഒക്കെയുള്ള രോഗികളുടെ പേരിലായിരിക്കും പിരിവ് നടക്കുന്നത്. അങ്ങിനെ ഒരു രോഗിയുണ്ടോ എന്ന് പരിശോധിക്കാൻ പോലും സംവിധാനമില്ല.

 

ഒരു ജില്ലയിൽ ക്യാമ്പ് ചെയ്ത്, ഒരു ദിവസം ഒരു ബസ്‌ സ്റ്റാന്റിലായിരിക്കും പിരിവ്. പിറ്റേന്ന് വേറൊരിടത്ത്. ചില ചാരിറ്റി സംഘടനകളുടെ പേരിലുള്ള ഫ്ലക്സ് ബാനർ പരിസരത്തായി കെട്ടി വെക്കും. അതിൽ രജിസ്ട്രേഷൻ നമ്പർ എന്ന് തോന്നിക്കുന്ന ചില അക്കങ്ങളും അക്ഷരങ്ങളുമൊക്കെ എഴുതി വെച്ചിട്ടുണ്ടാവും. ചില ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കും. ആ നമ്പറുകൾ മിക്കവാറും പിരിവു സംഘത്തിൽ പെട്ടവരുടേതായിരിക്കും. അതിൽ വിളിച്ചു ചോദിച്ചാൽ രോഗിയുടെ കഥ മണിമണി പോലെ പറയും. ബക്കറ്റുമായി പണപ്പിരിവിന് കുറച്ചുപേരുണ്ടാകും. പല സംഘങ്ങളിലും സ്ത്രീകളാണ് കൂടുതൽ. അവർ ബസ്സുകളിൽ കയറിയും വഴിയാത്രക്കാരോടും തങ്ങളുടെ ജോലിസമയം തീരുന്നതുവരെ പിരിവ് നടത്തും.

ചില സംഘങ്ങളിൽ എനൗൺസ്മെന്റിനും പാട്ടുപാടാനുമുള്ള മൈക്കും ഓട്ടോറിക്ഷയോ കാറോ ഒക്കെയുണ്ടാവും. ഇങ്ങനെ ജില്ലയിലാകെ ആഴ്ചകൾ കൊണ്ട്  പിരിവ് പൂർത്തിയാക്കിയ ശേഷം അടുത്ത ജില്ലയിലേക്ക് പോകും. അവിടെ ക്യാമ്പ് ചെയ്ത് പിരിവ് തുടരും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിന്ന് കോടികളാണ് ഈ സംഘങ്ങൾ സമാഹരിക്കുന്നത്. ഒരു രോഗിയുടെ പേരിലുള്ള പിരിവ് കഴിഞ്ഞാൽ ബോർഡും ബാനറുമൊക്കെ മാറ്റി പുതിയ രോഗികളുടെ പടങ്ങളുമായി വീണ്ടും പണപ്പിരിവ് തുടരും. ആരുടെ പേരിലാണോ പണം പിരിക്കുന്നത്, അവരുടെ ബന്ധുക്കളിലാരും ഈ പിരിവ് സംഘത്തിലുണ്ടാവില്ല. ഇത്തരം പിരിവിലൂടെ സമ്പന്നരായ ചില ‘നന്മമരങ്ങൾ’ ജില്ലയിൽ തന്നെയുണ്ട്.

 ഇങ്ങനെ ഒരു രോഗി ജീവിച്ചിരിപ്പുണ്ടോ, അവർ ചികിത്സാ സഹായം അർഹിക്കുന്നുണ്ടോ എന്നൊന്നും അന്വേഷിക്കാൻ തിരക്കിനിടയിൽ ആരും മുതിരാറില്ല. കീശയിലുള്ളതെടുത്ത് ബക്കറ്റിലിട്ട് കടമ നിറവേറ്റിയതായി ആശ്വസിച്ച് പോകുകയാണ് മിക്കവാറും യാത്രക്കാർ ചെയ്യുക. ആർക്കും എവിടേയും എങ്ങിനേയും പണപ്പിരിവ് നടത്താവുന്ന ഒരു നാട്ടിൽ ഇത്തരം പിരിവുകളുടെ സത്യാവസ്ഥ ബോദ്ധ്യപ്പെടാനോ അന്വേഷിക്കാനോ പോലീസ് അധികാരികളും മുതിരാറില്ല. പിടിപ്പെത് പണികൾക്കിടയിൽ ആരെങ്കിലും പരാതിപ്പെട്ടാൽ പോലും ഇതൊക്കെ അന്വേഷിക്കാൻ സമയം കിട്ടാറില്ലെന്നാണ് ചില പോലീസ് സുഹൃത്തുക്കൾ പറയുന്നത്. തദ്ദേശ ഭരണസ്ഥാപങ്ങളുടെ കൈവശമാണ് ബസ് സ്റ്റാന്റുകളും മറ്റും. പക്ഷേ തങ്ങളുടെ ഉടമസ്ഥതയുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകൾ പരിശോധിക്കാനോ തടയാനോ അവർക്കും സംവിധാനങ്ങളില്ല.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button