ചുരത്തിൽ വീണ്ടും വാഹനാപകടം: ലോറിയും ജീപ്പും കെ.എസ്.ആർ.ടി.സി.ബസും കൂട്ടിയിടിച്ചു
താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോടിനും ഒന്നാം വളവിനുമിടയിൽ ചിന്നൻപാലത്തിന് സമീപം ലോറിയും ജീപ്പും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചു.
അപകടത്തെത്തുടർന്ന് ചുരംപാതയിൽ ഒരു മണിക്കൂറോളം നേരം ഗതാഗതം സ്തംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം.
ചുരമിറങ്ങി വരുകയായിരുന്ന ജീപ്പ് വയനാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയുമായി ഇടിച്ചതാണ് സംഭവത്തിന് തുടക്കം. കൂട്ടിയിടിയെത്തുടർന്ന് ജീപ്പ് റോഡരികിലേക്ക് തെന്നിമാറി. ഈ സമയം ഇരുവാഹനങ്ങൾക്കുമിടയിലൂടെ കടന്നുപോവാനുള്ള ശ്രമത്തിലായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് ലോറിയിലും ജീപ്പിലുമിടിച്ചു നിന്നു. അതോടെ മറ്റ് വാഹനങ്ങൾക്ക് കടന്നുപോവാനാവാത്ത വിധം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല.
അടിവാരത്തുനിന്ന് ക്രെയിനെത്തിച്ച് വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പൂർവസ്ഥിതിയിലായത്. ട്രാഫിക് എസ്.ഐ. കെ.വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്