ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ കൊണ്ടംവള്ളി പാടശേഖരം പൂർണമായി കൃഷിയോഗ്യമാക്കാൻ വെന്തോട് കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കൊയിലാണ്ടി : ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ കൊണ്ടംവള്ളി പാടശേഖരം പൂർണമായി കൃഷിയോഗ്യമാക്കാൻ വെന്തോട് കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാഡ പദ്ധതിയിൽപ്പെടുത്തി വെന്തോട് കയർഭൂവസ്ത്രമിട്ട് മുമ്പ് നവീകരിച്ചിരുന്നു. എന്നാൽ, കനത്ത വെള്ളപ്പൊക്കത്തിൽ കയർഭൂവസ്ത്രം നശിക്കുകയും തോട് പലയിടത്തും നികന്നുപോകുകയും ചെയ്തു. തോട് വശങ്ങളിൽ കുറ്റിക്കാടുകളും കുറ്റിപ്പുല്ലുകളും നിറഞ്ഞു വെള്ളമൊഴുകുന്നത് നിലച്ചിരിക്കുകയാണ്. ഇപ്പോൾ മഴക്കാലത്ത് കൊണ്ടംവള്ളി പാടം പൂർണമായി നിറഞ്ഞൊഴുകുന്ന പാകത്തിലാണ് വെള്ളമൊഴുകുക. മാത്രവുമല്ല കുറുവങ്ങാട്‌നിന്ന് പുതുതായി കെട്ടി നവീകരിച്ച കുറുങ്ങോട്ട്താഴ തോട് കൊണ്ടംവള്ളി പാടശേഖരംവരെ എത്തിനിൽക്കുകയാണ്. നഗരത്തിൽനിന്ന് ഒഴുകിയെത്തുന്ന സകല മാലിന്യങ്ങളും വന്നടിയുന്നത് ഇതോടെ കൊണ്ടംവള്ളി പാടശേഖരത്തിലാണ്. ഈ തോടിനെ കൊണ്ടംവള്ളി പാടത്തിന്റെ മധ്യത്തിലൂടെ പോകുന്ന വെന്തോടുമായി ബന്ധിപ്പിക്കണം. എങ്കിൽമാത്രമേ കൊയിലാണ്ടി നഗരസഭയിൽനിന്ന് തോട്ടിലൂടെയെത്തുന്ന വെള്ളം വെന്തോടിലൂടെ എളാട്ടേരി പൂതപ്പാറ വഴി ഉള്ളൂർപുഴയിൽ എത്തുകയുള്ളൂ.
ഇപ്പോൾ പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളുമെല്ലാം കൊണ്ടംവള്ളി പാടശേഖരത്തിന് സമീപം കെട്ടിനിൽക്കുകയാണെന്ന് സമീപവാസിയായ കുറുങ്ങോട്ട് താഴ വിജിത്ത് പറഞ്ഞു. ഇതുകാരണം ഈ ഭാഗങ്ങളിലെ കിണറുകളിൽ മലിനജലം ഊർന്നിറങ്ങി ഉപയോഗശൂന്യമാവുകയാണ്. നഗരസഭയിൽനിന്ന് കൊണ്ടംവള്ളി പാടശേഖരംവരെയുള്ള തോട്ടിലേക്ക് മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് തടയാൻ ഇരുമ്പുകമ്പികൾ ഉപയോഗിച്ചുള്ള വല സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്നൂറോളം ഏക്കർ വരുന്ന കൊണ്ടംവള്ളി പാടശേഖരത്തിൽ മുമ്പൊക്കെ വർഷത്തിൽ കന്നി, മകരം, പുഞ്ചകൃഷികൾ ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ പുല്ലും വള്ളിപ്പടർപ്പുകളും കുറ്റിക്കാടുകളും നിറഞ്ഞു കൃഷി അന്യമായിക്കൊണ്ടിരിക്കുകയാണ്. പി വിശ്വൻ എം എൽ എ യായപ്പോൾ കൊണ്ടംവള്ളി പാടശേഖരത്തിന് മധ്യത്തിലൂടെ പോകുന്ന വെന്തോട് നവീകരിക്കാൻ ബജറ്റിൽ ടോക്കൺ തുക അനുവദിപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് തുടർനടപടികളൊന്നുമുണ്ടായില്ല. കുറുങ്ങോട്ട്താഴ തോടിനെ വെന്തോടുമായി ബന്ധിപ്പിക്കുകയും വെന്തോട് കരിങ്കല്ലുകൊണ്ട് കെട്ടി സംരക്ഷിക്കുകയുമാണ് അടിയന്തരമായി വേണ്ടത്.