ചെങ്ങോട്ട്കാവ് പഞ്ചായത്തിൽ ‘ഒപ്പം ‘ അദാലത്ത്;60 പരാതികൾ പരിഗണിച്ചു
‘രോഗികളായ രണ്ട് പെൺമക്കളോടൊപ്പം താമസിക്കാൻ അടച്ചുറപ്പുള്ള ഒരു വീട് വേണം’. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ഒപ്പം അദാലത്തിൽ എത്തിയ 88 വയസ്സുകാരിയായ കല്യാണിയുടെ കുടുംബത്തിന്റെ ആവശ്യം ഇതായിരുന്നു.
ആവശ്യം പരിഗണിച്ച ജില്ലാകലക്ടർ സാംബശിവറാവു സഹായ മനസ്‌ക്കരുടെ സ്പോൺസർഷിപ്പ് വഴി ഇവർക്ക് വീട് നിർമിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയതോടെ ഏറെ സന്തോഷത്തോടെയാണ് കല്യാണിയുടെ കുടുംബം അദാലത്തിൽ നിന്നും മടങ്ങിയത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അദാലത്തിൽ 60 പരാതികൾ പരിഗണിച്ചു.
ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ കടകൾ നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം വേഗത്തിൽ കിട്ടാനുള്ള നടപടി എടുക്കണമെന്ന ആവശ്യമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ കലക്ടർക്ക് മുമ്പിൽ അവതരിപ്പിച്ചത്.
കടകൾ നഷ്ടപ്പെടുമ്പോൾ
മറ്റൊരു സംരംഭം ആരംഭിക്കാൻ നഷ്ടപരിഹാരത്തുക കൊണ്ടുമാത്രമേ കഴിയൂ എന്നും ഇവർ പറഞ്ഞു. പരമാവധി വേഗത്തിൽ നഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ ശ്രമിക്കാം എന്ന് കലക്ടർ ഇവരെ അറിയിച്ചു.
ചികിത്സാ സഹായം, വീട് നിർമാണം, റോഡ് ടാറിങ്ങ്, ജലസ്രോതസിന്റെ പുനരുദ്ധാരണം, റേഷൻ കാർഡിലെ പരാതികൾ, ഡാറ്റാ ബാങ്കിൽ തെറ്റായി ഉൾപ്പെട്ടതിനെ തുടർന്നുള്ള പ്രയാസങ്ങൾ തുടങ്ങിയ പരാതികളാണ് അദാലത്തിനെത്തിയത്.
ഭിന്നശേഷി കുട്ടികൾക്കുള്ള ഓരോ വർഷവും ലഭിക്കേണ്ട തുക മുഴുവൻ ലഭിക്കുന്നില്ലെന്ന പരാതിയുമായി 15 വയസ്സുകാരനായ മകനുമായെത്തിയ ആൾക്ക് തുക പൂർണമായി വിതരണം ചെയ്യുന്നതിനുള്ള തടസം പരിശോധിക്കാനും തുടർ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട ഐസിഡിഎസ് സൂപ്പർവൈസർക്ക് നിർദ്ദേശം നൽകി. നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്ന പൊയിൽക്കാവ് കനാൽ റോഡ് ടാറിങ് ചെയ്യണമെന്ന പരാതിയിൽ പ്രൊപോസൽ തയ്യാറാക്കി തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പാക്കാനാകുമോയെന്ന് പരിശോധിക്കാൻ ഗ്രാമപഞ്ചായത്ത് അസി. എൻജിനീയറോട് കളക്ടർ നിർദേശിച്ചു.
ഏക്കർ കണക്കിന് പരന്നുകിടക്കുന്ന ഗ്രാമപഞ്ചായത്തിലെ വലിയ ജലസ്രോതസായ ആന്തട്ടകുളം നവീകരിക്കണമെന്ന ആവശ്യമാണ് സംരക്ഷണ സമിതി മുന്നോട്ട് വെച്ചത്. സ്വകാര്യ കുളം വിട്ടു കിട്ടുന്ന പക്ഷം തുടർ നടപടി സ്വീകരിക്കാമെന്ന് കലക്ടർ അറിയിച്ചു.
വീട് അനുവദിച്ചിട്ടും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ മൂന്നു വർഷമായി വീട് നിർമിക്കാൻ കഴിയുന്നില്ല എന്ന പരാതിയാണ് കുറ്റിക്കാട്ട് കുനിയിൽ വിദ്യാ പ്രവീൺ അദാലത്തിൽ എത്തിയത്. അപ്പീലായി പരിഗണിച്ച് തുടർ നടപടി സ്വീകരിക്കാമെന്ന് കലക്ടർ പറഞ്ഞു.
ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവയും പരിഗണിച്ചു. 37 അപേക്ഷകളാണ് പരിഗണിച്ചത്. 42 പേര്‍ക്ക് നിരാമയ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനിച്ചു.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കരുണാകരൻ കൂമുള്ളി, വൈസ് പ്രസിഡണ്ട് വി പി നുസ്രത്ത്, ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ, പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് പി കെ പ്രകാശൻ, നാഷണല്‍ ട്രസ്റ്റ് സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും ജില്ലാതല സമിതി കണ്‍വീനറുമായ പി സിക്കന്തര്‍, ജില്ലാതല കമ്മിറ്റി അംഗം ഡോ. പി ഡി ബെന്നി, വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.