ചെറുവണ്ണൂരിൽ സി.പി.എം. ഓഫീസുകൾക്കുനേരെ അക്രമം

പേരാമ്പ്ര : തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനുശേഷം അക്രമസംഭവങ്ങൾ നടന്ന ചെറുവണ്ണൂരിൽ സി.പി.എം. ഓഫീസുകൾക്കുനേരെ അക്രമം. മുയിപ്പോത്ത് സി.പി.എം. ഓഫീസിന് തീയിടുകയും ചെറുവണ്ണൂരിൽ സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസായ സി.ജി. സ്മാരക മന്ദിരത്തിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞുതകർക്കുകയും ചെയ്തു. ആവളയിൽ എ.ഐ.വൈ.എഫ്. നേതാവായ ഇല്ലിപിലാക്കൂൽ ജിജോയ് ആവളയുടെ വീട്ടിൽ നിർത്തിയിട്ട ബൈക്കിന് തീവെച്ചു. ഞായറാഴ്ച രാത്രിയാണ് അക്രമങ്ങൾ നടന്നത്. മുസ്‌ലി ലീഗ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.എം. നേതാക്കൾ ആരോപിച്ചു.

മുയിപ്പോത്ത് സി.പി.എം. ബ്രാഞ്ച് ഓഫീസിന് തീയിട്ടതിനെത്തുടർന്ന് മുൻവശത്തെ വാതിലിന്റെ താഴെഭാഗവും ഓഫീസിലെ ഫർണിച്ചറുകളും കത്തിനശിച്ചു. ചെറുവണ്ണൂർ ടൗണിലെ സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസിന്റെ മുകൾനിലയിൽ മുൻഭാഗത്തുള്ള മുറിയുടെ ജനൽച്ചില്ലാണ് തകർത്തത്. മേപ്പയ്യൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. എൽ.ഡി.എഫ്. വിജയാഹ്ലാദ പ്രകടനത്തിനുനേരെ വോട്ടെണ്ണൽ ദിവസം വൈകീട്ട് അക്രമമുണ്ടായിരുന്നു. സി.പി.എം. നേതാക്കളുടെയും മുസ്‌ലിം ലീഗ് പ്രവർത്തകരുടെയും വീടിനും വാഹനത്തിനുംനേരെ അക്രമമുണ്ടായി. മുസ്‌ലിം ലീഗ്, കോൺഗ്രസ് ഓഫീസുകളും അക്രമിക്കപ്പെട്ടു. ഇതിന്റെ തുടർച്ചയായാണ് സി.പി.എം. ഓഫീസുകൾക്കുനേരെയും അക്രമമുണ്ടായത്.

Comments

COMMENTS

error: Content is protected !!