ചെലവ് 40 ലക്ഷം രൂപ; നാട്ടിലെ കുട്ടികൾക്ക് കുളമൊരുക്കി നസിറുദ്ദീൻ…

മുക്കം: നാട്ടിലെ കുട്ടികൾക്ക് നീരാടാനും നീന്തൽ പഠിക്കാനും 40 ലക്ഷം രൂപ ചെലവിൽ കുളമൊരുക്കി യുവാവ്!… ചേന്ദമംഗല്ലൂർ സ്വദേശി നസീറുദ്ദീനാണ് തന്റെ ഉമ്മയുടെ പേരിലുള്ള സ്ഥലത്ത് 25 സെന്റ് വിസ്തൃതിയിൽ കുട്ടികൾക്കായി കുളം നിർമിച്ചത്.
കുളം മാത്രമല്ല, നീന്തൽ പഠിക്കാനാവശ്യമായ ഉപകരണങ്ങളും നാട്ടിലെ നീന്തൽ വിദഗ്ധരുടെ നിർദേശങ്ങളും കുട്ടികൾക്ക് ലഭിക്കും -എല്ലാം സൗജന്യം!

രാവിലെ ആറര മുതൽ എട്ടര വരെയും വൈകീട്ട് നാലര മുതൽ ആറുവരെയുമാണ് കുളത്തിലേക്ക് കുട്ടികൾക്ക് പ്രവേശനം. സുരക്ഷ മുൻനിർത്തിയാണീ നിയന്ത്രണം. കുട്ടികളും മുതിർന്നവരുമായി നൂറോളം ആളുകളാണ് ദിവസവും ഇവിടെയെത്തുന്നത്.

 

നാലുഭാഗവും കരിങ്കല്ലുകൊണ്ട് കെട്ടിയ കുളത്തിന് ചുറ്റും പുല്ല് വെച്ചുപിടിപ്പിച്ചിട്ടുണ്ട്. കുളത്തിന് സമീപത്തെ മണ്ണ് ഒലിച്ചുപോവാതിരിക്കാനാണ് പുല്ല് പിടിപ്പിച്ചത്. കുളത്തിന്റെ വിസ്തൃതി പരമാവധി കൂട്ടാൻ കരിങ്കല്ലുകൊണ്ട് മുകൾഭാഗം ചെരിച്ചാണ് കെട്ടിയത്. കുളത്തിലേക്കിറങ്ങുന്ന ഭാഗത്ത് ചെത്തിയൊരുക്കിയ ചെങ്കല്ലുകൊണ്ട് പടികളും നിർമിച്ചിട്ടുണ്ട്.

 

25 വർഷം മുൻപ് നികത്തിയ വയലിൽ മൈതാനം നിർമിക്കാനുള്ള ചർച്ച സമൂഹമാധ്യമങ്ങളിലും നാട്ടിലും സജീവമായിരുന്നു. ഇതൊരു മൈതാനമാക്കിയാൽ പിന്നീട് എപ്പോഴെങ്കിലും വയലാക്കി മാറ്റാനുള്ള സാധ്യതയില്ലാതാകുമെന്ന് പറഞ്ഞ് നാട്ടിലെ ഒരുവിഭാഗം പദ്ധതിയെ എതിർത്തു. ഇതോടെ മൈതാനമെന്ന ആശയം ഉപേക്ഷിച്ചു. മൈതാനം നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥലം ഉടമ വിൽപ്പനയ്ക്ക് വെച്ചപ്പോൾ സ്ഥലത്തിന്റെ ഒരുഭാഗം നസീറുദ്ദീനും സഹോദരങ്ങളും തന്റെ ഉമ്മയുടെ പേരിൽ വാങ്ങുകയായിരുന്നു. ഈ സ്ഥലത്ത് കുട്ടികൾക്കായി കുളം നിർമിക്കാമെന്ന ആശയം മുന്നോട്ട് വെച്ചത് നസീറുദ്ദീനാണ്. നസീറുദ്ദീന്റെ ആശയത്തെ വീട്ടുകാരും നാട്ടുകാരും ഒരേമനസ്സോടെ പിന്തുണച്ചു. കൂട്ടുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ നിയമവശങ്ങൾ വിശദീകരിച്ചു കൊടുത്തു. കുളത്തിന്റെ പ്ലാൻ വരച്ചത് ജലസേചനവകുപ്പിലെ അസിസ്റ്റന്റ് എൻജിനീയറും കൂട്ടുകാരനുമായ ഫൈസലാണ്. മുക്കം നഗരസഭയിലെയും കൃഷിഭവനിലെയും ഉദ്യോഗസ്ഥർ കൂടി പൂർണപിന്തുണ പ്രഖ്യാപിച്ചതോടെ നിർമാണം തുടങ്ങി.

 

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മുക്കാൽ മീറ്റർ കുഴിച്ചപ്പോഴേക്കും വെള്ളം കണ്ടു. പ്രളയത്തിന് മുമ്പ് നിർമാണപ്രവൃത്തികൾ ഏറക്കുറെ പൂർത്തിയായിരുന്നെങ്കിലും പ്രളയകാലത്തുണ്ടായ വെള്ളപ്പൊക്കത്തിൽ കുളം നിറയെ ചെളിനിറഞ്ഞു. വീണ്ടും ചെളി നീക്കി, മിനുക്ക് പണികളെല്ലാം തീർത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികൾക്കായി കുളം വിട്ടുകൊടുത്തത്.

 

കുളത്തിൽ വെള്ളം നിറഞ്ഞതോടെ കടുത്ത വേനലിലും പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് ഒരിഞ്ചുപോലും താഴ്ന്നിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കുളത്തിനോട് ചേർന്ന ഒരേക്കർ സ്ഥലത്ത് നെൽക്കൃഷി ആരംഭിക്കാനാണ് നസീറുദ്ദീന്റെ തീരുമാനം.

 

അനിയന്ത്രിതമായ ഖനനവും മാലിന്യംതള്ളലും കാരണം ജലസ്രോതസ്സുകൾ മലിനമായതും നാട്ടിൽ നീന്തലറിയാത്ത കുട്ടികളുടെ എണ്ണം വർധിച്ചതുമാണ് പുതിയ ആശയത്തിന് വഴിയൊരുക്കിയതെന്ന് നസീറുദ്ദീൻ പറയുന്നു. പുണെയിലെ സ്വകാര്യകമ്പനിയിൽ ഐ.ടി വിദഗ്ധനാണ് നസീറുദ്ദീൻ.
Comments

COMMENTS

error: Content is protected !!