ചെള്ളുപനി ബാധിച്ച് തിരുവനന്തപുരത്ത് 11 വയസുകാരൻ മരിച്ചു
തിരുവനന്തപുരം : ചെള്ളുപനി ബാധിച്ച് തിരുവനന്തപുരത്ത് 11 വയസുകാരൻ മരിച്ചു. കിളിമാനൂർ സ്വദേശി സിദ്ധാർഥ് ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് സിദ്ധാർഥ് പനി ബാധിച്ച് ചികിൽസ തേടിയത്. രോഗം കൂടിയതോടെ തിരുവനന്തപുരം എസ് എ ടി യിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
ഈ മാസം ഇതുവരെ മാത്രം 70പേർക്കാണ് സ്ക്രബ് ടൈഫസ് സ്ഥിരീകരിച്ചത്. 15പേർ രോഗ ലക്ഷണങ്ങളോടെ ചികിൽസ തേടുകയും ചെയ്തു. ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 253 ആണ്. അഞ്ചുപേർ മരണപ്പെട്ടു.
പെട്ടെന്നുള്ള പനി , വിറയൽ,തലവേദന,ശരീരവേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ലാർവയുടെ കടിയേറ്റ ഭാഗത്ത് ചൊറിച്ചിലുണ്ടാകും. ഒപ്പം പൊളളിയ പോലെ പാടും. തൊലിപ്പുറത്ത് ചുവന്ന പാടുകളും കഴലകളും രൂപപ്പെടും. ചെള്ളുപനി ചികിൽസിച്ച് ഭേദമാക്കാൻ പറ്റുന്ന രോഗമാണ്. കൃത്യമായ മരുന്നുകളും ഉണ്ട്. എന്നാൽ കൃത്യമായ ചികിൽസ കിട്ടിയില്ലെങ്കിൽ വൃക്കകളേയും കരളിനേയും ബാധിക്കുന്ന രോഗം ജീവനെടുക്കും.
എലികളുടെ ശരീരത്തിൽ ഉള്ള ചെള്ളുകൾ വഴിയാണ് രോഗം പകരുന്നത്. ചെള്ളിന്‍റെ ലാർവ എലിയുടെ ശരീരത്തിൽ നിന്നോ കുറ്റിച്ചെടികളുടെ ഇലകളിൽ നിന്നോ മനുഷ്യനെ കടിക്കാൻ ഇടയായാൽ സ്ക്രബ് ടൈഫസ് അഥവാ ചെള്ളുപനി ഉണ്ടാകും. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരില്ല.