ചൈനയിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീംകോടതിയില്‍

ചൈനയിൽ നിന്ന് എത്തിയ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നൽകിയ ഇളവ് നാലാം വർഷക്കാർക്കും നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി അടക്കം മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചു. റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് പദ്ധതി നാലാം വർഷക്കാർക്കും നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.  

വിദേശ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എംബിബിഎസ് കോഴ്സ് പൂർത്തിയാക്കിയ മെഡിക്കൽ ബിരുദധാരികൾക്ക് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയിൽ  യോഗ്യത നേടിയാൽ രണ്ട് വര്‍ഷത്തെ റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കി പ്രാക്ടീസിന് അവസരം നൽകുമെന്ന്  നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്റേൺഷിപ്പ് കാലയളവ് ഇരട്ടിയാക്കുന്നത് ക്ലിനിക്കൽ പ്രായോഗിക നൈപുണ്യ പരിശീലനത്തിലെ വിടവ് നികത്താൻ കൂടിയാണ്.  

ഈ ഇളവ് ഒറ്റത്തവണ മാത്രമാണെന്നും ദേശീയ മെഡിക്കൽ ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 2020ൽ തിരിച്ചെത്തിയ  നാലാം വർഷ വിദ്യാർത്ഥികളും അവസാനവർഷക്കാരെ പോലെ  ഓൺലൈനിലൂടെയാണ് പഠനം പൂർത്തിയാക്കിയത്. ഈ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി തുടർ ഇന്റൺഷിപ്പിനായുള്ള നടപടികൾ നിലവിലെ സാഹചര്യത്തിൽ പൂർത്തിയാക്കാൻ കഴിയാതെ പ്രതിസന്ധിയിലായതോടെയാണ് കോടതിയെ സമീപിച്ചത്.  

എഫ്എംജിഇ പരീക്ഷയില്‍ യോഗ്യത ലഭിച്ച അവസാന വർഷക്കാർക്ക്  നടപ്പാക്കിയ റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് പദ്ധതി നാലാം വർഷക്കാർക്കും നടപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഒരേ പ്രതിസന്ധി അനുഭവിച്ചവരിൽ ഒരു വിഭാഗത്തിന് മാത്രം ഇളവ് നൽകിയത് ഭരണഘടന ലംഘമെന്നും ഹർജിക്കാർ വാദിക്കുന്നു. അവസാന വർഷക്കാർക്ക് ഒരു വർഷത്തെ പഠനമാണ് ഓൺലൈനിലൂടെ പൂർത്തിയാക്കേണ്ടി വന്നത്.  

കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യയിൽ തന്നെ രണ്ട് വർഷത്തെ പഠനം പൂർത്തിയാക്കേണ്ടി വന്ന നാലാം വർഷക്കാർക്കും ഈ പരിഗണന നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. അഭിഭാഷക രശ്മി നന്ദകുമാറാണ് വിദ്യാർത്ഥികൾക്കായി ഹർജി ഫയൽ ചെയ്തത്.  

Comments

COMMENTS

error: Content is protected !!