ഛായാമുഖി ചുമർച്ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: പൂക്കാട് കലാലയം ചുമർചിത്ര വിഭാഗം ഒരുക്കിയ വ്യത്യസ്തമായ ചിത്രപ്രദർശനം ‘ഛായാ മുഖി’ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ പ്രശസ്ത കലാനിരൂപകനും വാഗ്മിയുമായ കെ. കെ. മാരാരാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കലാലയം പ്രസിഡണ്ട് യു കെ രാഘവൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. കലാലയം ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചുമർച്ചിത്ര കലാദ്ധ്യാപകൻ സതീഷ് തായാട്ട് ചിത്രരചനാവഴികൾ വിശദീകരിച്ചു. ലിജീഷ് കരുവാത്ത് നന്ദി രേഖപ്പെടുത്തി.
പൂക്കാട് കലാലയം ചുമർച്ചിത്ര വിഭാഗത്തിലെ 21 കലാകാരന്മാർ ഒരുക്കിയ 42 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. കേരളീയ പാരമ്പര്യ ചുമർച്ചിത്ര ശൈലിയിൽ ചേർന്നു നിന്നുകൊണ്ടുള്ള ചിത്രങ്ങൾ രചനാ രീതികൊണ്ടും വിഷയ സ്വീകരണം കൊണ്ടും വ്യത്യസ്ഥമാണ്. കടലും കടൽക്കരയും കടലുമായി ബന്ധപ്പെട്ട ജീവിതങ്ങളുമാണ് സാഗരനീലിമ എന്ന ഒന്നാം വിഭാഗത്തിലെ ചിത്രങ്ങൾ. സാധാരണ പുരാണ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും വിഷയങ്ങളാകുന്ന ചുമർച്ചിത്രരീതിയിൽ നിന്നും വ്യത്യസ്തമായി കടൽ ജീവിതങ്ങളും നാടോടി മിത്തുകളും ചിത്രങ്ങൾക്ക് വിഷയമാകുന്നു. ബഹു വർണ്ണ രീതിയിലാണ് ചിത്രങ്ങളൊരുക്കിയിത്. ഏകവർണ്ണിക എന്ന രണ്ടാം വിഭാഗത്തിൽ പാരമ്പര്യ രീതിയിലുള്ള മുഖചിത്രങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒറ്റ വർണ്ണത്തിലാണ് ചിത്രരചനയൊരുക്കിയിരിക്കുന്നത്. മാർച്ച് 8 ന് ആരംഭിച്ച ചിത്രപ്രദർശനം മാർച്ച് 14 വരെ ഉണ്ടാകും. പ്രവേശനം സൗജന്യമാണ്.