ജങ്ഷനുകളില്‍ വാഹനങ്ങള്‍ പരസ്പരം കൂട്ടിമുട്ടാതെ കടന്നുപോവാന്‍ വിദേശരാജ്യമാതൃകയില്‍ കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല കോഴിക്കോട്ട്

കോഴിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ ഭാഗമായി നിർമ്മിക്കുന്ന കേരളത്തിലെ ആദ്യ ട്രംപറ്റ് ഫ്ളൈഓവറിനായി കോഴിക്കോട് സ്ഥലമേറ്റെടുക്കൽ നടപടി തുടങ്ങി. ഒളവണ്ണ വില്ലേജിലെ ഇരിങ്ങല്ലൂരിൽ 18 ഹെക്ടർ സ്ഥലത്താണ് ട്രംപറ്റ് ഫ്ലൈഓവർ നിർമ്മിക്കുന്നത്. ഇതിന്റെ കല്ലിടൽ പൂർത്തിയായി. സർവേ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ദേശീയപാത ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ഒരു ദിശയിൽ നിന്നു വരുന്ന വാഹനത്തിന് മറ്റൊരു ദിശയിൽ നിന്നു വരുന്ന വാഹനത്തെ മറികടക്കാതെ ഏത് ഭാഗത്തേക്കും പോകാൻ കഴിയുമെന്നതാണ് ട്രംപറ്റ് ഫ്ലൈഓവറിന്റെ പ്രത്യേകത.

കോഴിക്കോട് ജില്ലയിൽ പെരുമണ്ണ, ഒളവണ്ണ വില്ലേജ് പരിധികളിലൂടെ മാത്രമാണ് ഗ്രീൻഫീൽഡ് ദേശീയപാത കടന്നുപോകുന്നത്. ജില്ലയിൽ ആകെ 6.6 കി മി ദൈർഘ്യമാണ് പാതയ്ക്കുള്ളത്. പാതയുടെ നിർമ്മാണത്തിനായി ജില്ലയിൽ 29.7659 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സ്ഥലമേറ്റെടുപ്പിന്റെ ഭൂമി വിലനിർണയ നടപടികൾ ഏകദേശം പൂർത്തിയായിട്ടുണ്ട്.

രണ്ട് പ്രധാനപ്പെട്ട ദേശീയപാതകൾ സംഗമിക്കുന്ന സ്ഥലത്ത് ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനുമാണ് ട്രംപറ്റ് ഫ്ലൈഓവർ നിർമ്മിക്കുന്നത്. നാല് ചെറിയ മേൽപ്പാലങ്ങളും ഒരു വലിയ മേൽപ്പാലവും ട്രംപറ്റ് ഫ്ലൈഓവറിന്റെ ഭാഗമായി നിർമ്മിക്കും. മേൽപ്പാലങ്ങളിലൂടെയായിരിക്കും വാഹനങ്ങൾ ചുറ്റിത്തിരിഞ്ഞ് പോകുക.

പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി സ്ഥലവും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുടെ ഒറിജിനൽ ആധാരങ്ങളും രേഖകളും മാർച്ച് 11ന് പുത്തൂർ മഠം എ.എംയുപി സ്കൂളിൽ വെച്ച് പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങളുടെ പഴക്കം പരിഗണിച്ച് മാത്രം നഷ്ടപരിഹാരം നൽകിയാൽ മതിയെന്നാണ് ദേശീയപാത അതോരിറ്റിയുടെ നിലപാട്.

 

Comments

COMMENTS

error: Content is protected !!