KERALAUncategorized
ജനകീയ ഹോട്ടലുകൾ കോവിഡ് സാഹചര്യത്തിൽ തുടങ്ങിയതാണെന്ന കള്ളംപറഞ്ഞ് സർക്കാർ
സംസ്ഥാന സർക്കാരിൻ്റെ ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടലുകൾ കോവിഡ് സാഹചര്യത്തിൽ തുടങ്ങിയതാണെന്ന കള്ളംപറഞ്ഞ് സർക്കാർ. കോവിഡ് ഭീഷണി ഒഴിഞ്ഞതിനാലാണ് ജനകീയ ഹോട്ടലുകൾക്കുള്ള സബ്സിഡി പിൻവലിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം തദ്ദേശവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
10 രൂപ സബ്സിഡി നിർത്തലാക്കി, പകരം ഊണിന്റെ വില 30 രൂപയാക്കി ഉയർത്താനുള്ള തീരുമാനം ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നാണ് കുടുംബശ്രീ പ്രവർത്തകർ പറയുന്നത്. സബ്സിഡി പിൻവലിച്ചെങ്കിലും വില നിശ്ചയിക്കാനുള്ള അവകാശം ഇപ്പോഴും കുടുംബശ്രീ ജില്ലാമിഷനുതന്നെയാണ്. സിവിൽസപ്ലൈസ് വകുപ്പ് റേഷൻകടകൾ വഴി നൽകിയിരുന്ന കുറഞ്ഞ നിരക്കിലുള്ള അരി തുടർന്നും കിട്ടുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ കിട്ടിയിരുന്ന അരി ഗുണം കുറഞ്ഞതായതിനാൽ പൊതുവിപണിയിൽനിന്ന് വിലകൂടിയ അരിവാങ്ങിയാണ് പലരും നല്ല ഊണ് നൽകിയിരുന്നത്. കെട്ടിടവാടക, വൈദ്യുതി, വെള്ളം ബില്ലുകൾ തുടർന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകിയാലും നഷ്ടത്തിൽനിന്ന് കരകയറാൻ സാധ്യമല്ലെന്നാണ് കുടുംബശ്രീ പ്രവർത്തകർ പറയുന്നത്. സബ്സിഡിയില്ലാത്ത സാഹചര്യത്തിൽ വില നിശ്ചയിക്കാനുള്ള അവകാശമെങ്കിലും തങ്ങൾക്കു നൽകണമെന്നാണ് ഇവരുടെ ആവശ്യം.
Comments