ജനങ്ങളെ കേൾക്കാതെ ഒരു വികസനവും യാഥാർത്ഥ്യമാവില്ല; എം കെ രാഘവൻ എം പി
കോഴിക്കോട്: ജനങ്ങൾക്കു വേണ്ടിയുള്ള വികസന പദ്ധതികൾ നടപ്പിൽ വരുത്താനാണ് ഭരണാധികാരികൾ ശ്രദ്ധിക്കേണ്ടതെന്ന് എം കെ രാഘവൻ എം പി. ജനങ്ങളെ മൊത്തം കുട്ടിയൊഴിപ്പിച്ച്, തെരുവിലിറക്കി വിട്ടു കൊണ്ടുള്ള ഒരു വികസന പദ്ധതിയും നാടിനെ പുരോഗതിയിലേക്ക് നയിക്കില്ല.ജന പങ്കാളിത്തമാണ് വികസന പ്രവർത്തനങ്ങൾക്ക് ആധാരമെന്ന് ഭരണാധികാരികൾ മനസ്സിലാക്കണം. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ധാർഷ്ട്യത്തോടെ വികസനം എന്ന പേരിൽ നടത്തുന്ന പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ല. കൃത്രിമ ജലപാത ഈ നാടിന് എത്രത്തോളം പ്രയോജനപ്പെടുമെന്നുള്ള പഠനങ്ങൾ കാര്യമായി നടക്കേണ്ടതുണ്ട്.
ചരക്കുഗതാഗതത്തിന് ദേശീയ ജലപാത മാത്രമല്ല മറ്റ് അനേകം സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്ന് എം പി പറഞ്ഞു. കനോലികനാൽ മാലിന്യം നീക്കി ശുദ്ധമാക്കി വെള്ളത്തിൻ്റെ നീരൊഴുക്ക് സാധ്യമാക്കുകയാണ് ആദ്യം വേണ്ടത്. അല്ലാതെ കനാലിലൂടെയുള്ള ചരക്കുഗതാഗതം അപ്രായോഗികമാണെന്നും എം പി കൂട്ടിച്ചേർത്തു. തീരജന സംരക്ഷണ സമിതിയുടെ ചെയർമാൻ കെ എസ് അരവിന്ദാക്ഷൻ അധ്യക്ഷനായിരുന്നു. മാധ്യമ പ്രവർത്തകൻ എൻ വി ബാലകൃഷ്ണൻ സംവാദത്തിൻ്റെ മോഡറേറ്ററായിരുന്നു. കോർപ്പറേഷൻ കൗൺസിലർ കെ സി ശോഭിത, ടി വി രാജൻ, നിജേഷ് അരവിന്ദ്, അഡ്വ.കുമാരൻ കുട്ടി, ഇ മനീഷ്, പ്രൊഫ.ടി എം രവീന്ദ്രൻ, അഡ്വ.ജോണി സെബാസ്റ്റ്യൻ, എം എ വിജയറാം, പ്രൊഫ.ഒ ജെ ചിന്നമ്മ, ഷംസുദ്ദീൻ കുനിയിൽ, സി പി രത്നാകരൻ എന്നിവർ സംസാരിച്ചു .