വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍ ഹോമില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളേയും കണ്ടെത്തി
കോഴിക്കോട്: വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍ ഹോമില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളേയും കണ്ടെത്തി. കോഴിക്കോട് നഗരത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സംഭവം അറിഞ്ഞ മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സുദര്‍ശന്‍ ചില്‍ഡ്രന്‍ ഹോമിലെത്തി അന്വേഷണം നടത്തിയിരുന്നു. അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളിന് സമീപം വെച്ചാണ് പെണ്‍കുട്ടികളെ പൊലീസ് കണ്ടെത്തിയത്.
പോക്സോ കേസില്‍ ഇരകളായ പതിനേഴ് വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ഇന്ന് രാവിലെ ഏഴരയോടെയാണ് ചില്‍ഡ്രന്‍ ഹോമില്‍ നിന്ന് കാണാതായത്. പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. സംഭവത്തെ കുറിച്ച് സിറ്റിപൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ സുദര്‍ശന്‍ അറിയിച്ചു.
ഇന്ന് രാവിലെ ഏഴ് മണിയോടെ വസ്ത്രം അലക്കാനായി പെൺകുട്ടികൾ പുറത്ത് ഇറങ്ങിയിരുന്നു. പിന്നീട് കാണാതാവുകയായിരുന്നു. ഒരു മാസം മുൻപാണ് കുട്ടികൾ ഇവിടെയെത്തിയത്. ഏഴര മണിയോടെയാണ് കുട്ടികളെ കാണാതായെന്ന വിവരം അറിയുന്നത്. എട്ടരയോടെയാണ് ചിൽഡ്രൻസ് ഹോം അധികൃതർ കുട്ടികളെ കാണാനില്ലെന്ന വിവരം പൊലീസിൽ അറിയിച്ചത്.