KERALA
ജയില്‍ ചാടിയ രണ്ട് വനിതാ തടവുകാര്‍ പിടിയിലായി
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് തടവു ചാടിയ വര്‍ക്കല സ്വദേശി സന്ധ്യ, കല്ലറ സ്വദേശി ശില്പ എന്നിവരെ പോലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ പാലോട് അടപ്പുപാറയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. റൂറല്‍ എസ്.പി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
ചൊവ്വാഴ്ചയാണ് വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ (26) യും പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളയംദേശം തെക്കുംകര പുത്തന്‍വീട്ടില്‍ ശില്പമോളും (23) അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് രക്ഷപ്പെട്ടത്.
ജയില്‍ചാടിയ ഇരുവരും ഒരു ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളേജിലെത്തി. അവിടെ ഭിക്ഷയാചിച്ച് കിട്ടിയ കാശുമായി വര്‍ക്കലയിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് ബസില്‍ അയിരൂരില്‍ എത്തി. അവിടെനിന്ന് പരവൂര്‍ ആശുപത്രിയിലേക്കുപോയി. പോലീസ് പിന്‍തുടരുന്നെന്ന് മനസ്സിലാക്കി പാങ്ങോട്ടുള്ള ശില്പയുടെ ബന്ധുവീട്ടിലേക്ക് വരുന്നവഴിയിലാണ് ഫോര്‍ട്ട് എ.സി. പ്രതാപചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഇരുവരെയും വലയിലാക്കിയത്. കഴിഞ്ഞ ദിവസം പ്രതികളുടെ ബന്ധുക്കളെ ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ വീടുകളിലേക്ക് സഹായത്തിനായി എത്തുമെന്ന സൂചന പോലീസിന് ലഭിച്ചിരുന്നു. പാരിപ്പള്ളിയില്‍ വച്ച് ശില്പ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇവരെ കണ്ടെത്താന്‍ ഇതാണ് പോലീസിന് സഹായകമായത്.
ഇരുവരെയും കണ്ടെത്താനായി പോലീസ് തമിഴ്നാട്ടിലേക്കും ഇരുവരുടെയും ബന്ധുക്കളുടെ വീടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇവര്‍ക്കായി വ്യാഴാഴ്ച ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇരുവരെയും വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ജയില്‍ ചാടിയ വിധവും അതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചുവോയെന്ന വിവരവും അറിയാനാകൂവെന്ന് പോലീസ് പറഞ്ഞു.
Comments