മത്സ്യബന്ധന സമൂഹത്തിനായി ‘ തൊഴില്‍ തീരം പദ്ധതി’

സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നിന്നും കരകയറി തൊഴിലിന്റെ തീരത്തടുക്കാന്‍ പ്രത്യേക വൈജ്ഞാനിക തൊഴില്‍ പദ്ധതിയുമായി കേരള നോളജ് ഇക്കോണമി മിഷന്‍. മത്സ്യബന്ധന സമൂഹത്തിനായുള്ള പ്രത്യേക വൈജ്ഞാനിക തൊഴില്‍ പദ്ധതിയാണ് തൊഴില്‍തീരം. 2026 നകം കേരളത്തില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ പദ്ധതികളാണ് കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്നത്. ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ ആദ്യമായി നടപ്പിലാക്കുന്ന വൈജ്ഞാനിക തൊഴില്‍ പദ്ധതിയാണിത്. നോളജ് ഇക്കോണമി മിഷന്‍ ഫിഷറീസ് വകുപ്പുമായും ബന്ധപ്പെട്ട മറ്റ് ഏജന്‍സികളുമായും ചേര്‍ന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.

തൊഴില്‍ ചെയ്യാന്‍ കഴിവുള്ള മുഴുവന്‍ ആളുകള്‍ക്കും അവരുടെ വൈജ്ഞാനിക കഴിവുകളുടെയും ടെക്‌നിക്കല്‍ നൈപുണികളുടെയും അടിസ്ഥാനത്തില്‍ തൊഴില്‍ ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മത്സ്യത്തൊഴിലാളി ജനവിഭാഗത്തിനിടയില്‍ വിദ്യാഭ്യാസവും സാങ്കേതികജ്ഞാനവും കൈവരിച്ചവര്‍ ഒട്ടനവധി ഉണ്ടെങ്കിലും അവരുടെ തൊഴില്‍ പങ്കാളിത്തം ആനുപാതികമായി വര്‍ധിച്ചിട്ടില്ല. സ്വകാര്യ കോര്‍പറേറ്റ് സംരംഭക തൊഴില്‍ ഇടങ്ങളില്‍ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ എണ്ണം കുറവാണ്. ഈ സാഹചര്യത്തില്‍ കേരള നോളജ് ഇക്കോണമി മിഷന്‍ മത്സ്യത്തൊഴിലാളി വിഭാഗത്തിനായി നടപ്പിലാക്കുന്ന വൈജ്ഞാനിക തൊഴില്‍ പരിശീലന- തൊഴില്‍ ദായക പദ്ധതി അതീവ പ്രാധാന്യമര്‍ഹിക്കുന്നു.

നിലവില്‍ രജിസ്റ്റര്‍ ചെയ്ത 14000 ത്തോളം മത്സ്യത്തൊഴിലാളി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളെ നോളജ് മിഷന്റെ വിവിധ സേവനകളിലൂടെ തൊഴില്‍ സജ്ജരാക്കി. പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴില്‍ പരിചയവും നല്‍കി പ്രത്യേക ജില്ലാതല തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചുകൊണ്ട് വൈജ്ഞാനിക തൊഴില്‍ മേഖലയില്‍ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മത്സ്യതൊഴിലാളി വിഭാഗത്തില്‍ നിന്നുള്ള പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുള്ള തൊഴിലന്വേഷകരായ മുഴുവന്‍ ആളുകള്‍ക്കും പരമാവധി തൊഴില്‍ ലഭ്യമാക്കും. ഇതിലൂടെ സ്വകാര്യമേഖലയില്‍ മത്സ്യതൊഴിലാളി സമൂഹത്തില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കും. മത്സ്യബന്ധന സമൂഹത്തിലെ പ്ലസ്ടു തത്തുല്യ അടിസ്ഥാന യോഗ്യതയുള്ളവര്‍, മത്സ്യബന്ധന സമൂഹത്തിലെ 18-40 വയസ്സിനിടയിലുള്ള യുവതീ യുവാക്കള്‍, മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വമുള്ളവര്‍, അവരുടെ കുടുംബാംഗങ്ങള്‍, ഉള്‍നാടന്‍ മത്സ്യബന്ധന ഗ്രാമങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ എന്നിവരാകും പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന വലുതും ചെറുതുമായ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങള്‍, പ്രാദേശിക തൊഴിലുകള്‍, സമുദ്രവുമായും മത്സ്യബന്ധനവുമായും ബന്ധപ്പെട്ട തൊഴിലുകള്‍ മുതലായവ ഡി.ഡബ്യു.എം.എസ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ ദാതാക്കള്‍ക്ക് ലഭ്യമാക്കും. ഒന്നാംഘട്ടത്തില്‍ ജില്ലയിലെ കാഞ്ഞങ്ങാട് മണ്ഡലത്തെ പൈലറ്റ് പ്രോജക്ടായി തെരഞ്ഞെടുത്തു. ഇതിന്റെ ഭാഗമായി ഉന്നതതല ആലോചനാ യോഗം ചേര്‍ന്നു.

രണ്ടാം ഘട്ടത്തില്‍ നോളജ് മിഷന്‍ പദ്ധതികളെക്കുറിച്ച് പ്രാദേശികതലത്തില്‍ മത്സ്യത്തൊഴിലാളി വിഭാഗം ആളുകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനായി ബോധവത്കരണം, പഞ്ചായത്ത് തല പ്രാദേശിക തലത്തിലുള്ള ബോധവത്ക്കരണ പരിപാടി എന്നിവ സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംഘടനാ പ്രതിനിധികള്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, സമുദായ സംഘടനാ പ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികള്‍, യൂത്ത് ക്ലബ് അംഗങ്ങള്‍, സ്വയം സഹായ സംഘ അംഗങ്ങള്‍ തുടങ്ങി മത്സ്യബന്ധന മേഖലയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന പരമാവധി ഏജന്‍സികളെയും ഉള്‍പ്പെടുത്തിയാണ് പ്രാദേശികതല ബോധവത്ക്കരണ പരിപാടികള്‍ നടപ്പാക്കുക. പ്രാദേശിക സംഗമങ്ങളും നടത്തും. പ്രാദേശിക സംഗമങ്ങളില്‍ അതാത് പ്രദേശങ്ങളില്‍ നിന്നുള്ള 18 നും 40 വയസ്സിനും ഇടയിലുള്ള പ്ലസ്ടു അല്ലെങ്കില്‍ അതിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലന്വേഷകരായ യുവതീ യുവാക്കളെ പങ്കെടുപ്പിക്കും. തുടര്‍ന്ന് തൊഴില്‍ ക്ലബ് രൂപീകരിക്കും. തൊഴില്‍ മേഖല മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോള്‍ ആ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ പാര്‍ശ്വവത്കൃത സമൂഹത്തിലെ തൊഴിലന്വേഷകര്‍ക്ക് വലിയൊരു വഴികാട്ടിയാകും ഇത്തരം പദ്ധതികള്‍.

Comments
error: Content is protected !!